തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മിനി സ്റ്റേഡിയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്നു വന്ന സംസ്ഥാന ഫിസ്റ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ ജൂണിയർ, സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ എറണാകുളം ജേതാക്കളായി.
സീനിയർ ആൺകുട്ടികളുടെ വിഭാഗം ഫൈനലിൽ കൊല്ലത്തെ പരാജയപ്പെടുത്തിയാണ് എറണാകുളം ചാമ്പ്യൻമാരായത്. സീനിയർ പെൺകുട്ടികളിൽ കോഴിക്കോട് ജില്ലാ ടീം രണ്ടാം സ്ഥാനക്കാരായി. ജൂണിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ഒന്നും കണ്ണൂർ രണ്ടും ആതിഥേയരായ കാസർകോട് മൂന്നാം സ്‌ഥാനവും നേടി. ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ജേതാക്കളായപ്പോൾ കോഴിക്കോട് ജില്ല രണ്ടാം സ്ഥാനം നേടി.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം ഡോ. വി.പി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ചന്തേര എസ്.ഐ വിപിൻചന്ദ്രൻ .സമ്മാനദാനം നടത്തി. ഫിസ്റ്റ് ബാൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. ഫായിസ് ബീരിച്ചേരി, കെ.എം. ഷാഹുൽ ഹമീദ്, സി. ഷുഹൈബ്, ഉറുമീസ് തൃക്കരിപ്പൂർ, കെ.വി. ബിജു, എ.ജി.സി. ഷംഷാദ്, ടി.എം. സിദ്ദീഖ്, എ.ജി.സി. ഹംലാദ് എന്നിവർ പ്രസംഗിച്ചു.
കാസർകോട് ജില്ലാ ടീം പരിശീലകൻ സനൽ സണ്ണിയെ ചടങ്ങിൽ അനുമോദിച്ചു.