കാസർകോട്: ജില്ലയിലെ പ്ലാന്റേഷൻ കോർപ്പറേഷൻ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന എൻഡോസൾഫാൻ കീടനാശിനി പടന്നക്കാട് കാർഷിക കോളേജിൽ നിർവീര്യമാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം കനക്കുന്നു.
ഏറെ വിവാദങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ശേഷം കെട്ടിക്കിടക്കുന്ന കീടനാശിനി നിർവീര്യമാക്കാൻ തീരുമാനിച്ചുവെങ്കിലും അത് വീണ്ടും ജില്ലയിലെ ജനങ്ങളുടെ തലയിൽ തന്നെ കെട്ടിവെക്കാനുള്ള ശ്രമത്തിലാണ് പ്രതിഷേധം ഉയരുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലം തിരഞ്ഞുപിടിച്ചു കീടനാശിനി നിർവീര്യമാക്കുന്നതിനെതിരെ സി.പി.എം നീലേശ്വരം വെസ്റ്റ് ലോക്കൽ കമ്മറ്റി രംഗത്തുവന്നതിനു പിന്നാലെ ഈ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയും മുന്നറിയിപ്പു നൽകി.
ജില്ലയിലെ അധികാരികൾ നേരത്തെ സ്വീകരിച്ച നിലപാടിൽ നിന്ന് തീർത്തും വ്യത്യസ്തമായ നിലപാടാണ് പടന്നക്കാട് എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള തീരുമാനമെന്നാണ് ആക്ഷേപം. പടന്നക്കാട് വച്ച് നിർവീര്യമാക്കാനുള്ള നീക്കം ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. കീടനാശിനി ജില്ലയിൽ എവിടെ വെച്ചും നിർവീര്യമാക്കരുതെന്ന് പീഡിത മുന്നണി യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഉത്പാദിപ്പിച്ച കമ്പനി ഏറ്റെടുത്ത് അവരുടെ സുരക്ഷിതമായ താവളങ്ങളിൽ വെച്ച് നിർവീര്യമാക്കാനുള്ള നടപടികൾ സർക്കാർ ഏറ്റെടുക്കാൻ തയാറാവണമെന്നാണ് ഇവരുടെ ആവശ്യം.
യോഗത്തിൽ മുനീസ അമ്പലത്തറ അദ്ധ്യക്ഷത വഹിച്ചു. ഗോവിന്ദൻ കയ്യൂർ, മിസ്രിയ ചെങ്കള, ഇ. തമ്പാൻ, റംല, ശാലിനി, കെ.കെ സുരേഷ് കുമാർ, അബൂ ഹനീഫ, സിബി അലക്സ്, സത്യൻ, എം.പി ഫിലിപ്പ് എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും അബ്ദുൽ ഖാദർ ചട്ടഞ്ചാൽ നന്ദിയും പറഞ്ഞു.