പയ്യന്നൂർ: കെ.എ.എസ് പരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പറുകൾ മലയാളത്തിലും ഭാഷാന്യൂനപക്ഷങ്ങൾക്ക് അതതു ഭാഷകളിലും നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പി.എസ്.സിയോടും അടിയന്തര ഇടപെടൽവേണമെന്ന് കേരള സർക്കാരിനോടും, മലയാള ഐക്യവേദി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മലയാള ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എം.ഭരതൻ ഉദ്ഘാടനം ചെയ്തു. പി.പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.കെ.സുരേഷ്‌കുമാർ, എ.വി.പവിത്രൻ, സി.എം.സുജിത്കുമാർ, കലേഷ് എം, നിർമൽ സി, ഡോ. സിന്ധു എ, ഡോ.ഷൈമ വി, എം ആർ മഹേഷ് എന്നിവർ സംസാരിച്ചു.ഭാരവാഹികൾ:എ.വി.പവിത്രൻ (പ്രസിഡന്റ്), കലേഷ് എം.(സെക്രട്ടറി).
അനുമോദനവും ഉപഹാരസമർപ്പണവും
മാതമംഗലം: മാതമംഗലം രാഗലയം കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനകലോത്സവത്തിൽ ഉന്നതവിജയം നേടിയ രാഗലയം കലാക്ഷേത്ര വിദ്യാർത്ഥികളെ അനുമോദിച്ചു.
ഡയറക്ടർ രമേശൻ പെരിന്തട്ടയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ദേശീയ ശിശുക്ഷേമസമിതിയംഗവും പയ്യന്നൂർ ബ്‌ളോക്ക് പഞ്ചായത്തംഗവുമായ സി.സത്യപാലൻ ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണൻ കണ്ണോം മുഖ്യാതിഥിയായിരുന്നു. നിഹാര ലക്ഷ്മി, സീമ എന്നിവർക്ക് ഉപഹാരം നൽകി. വെദിരമന വിഷ്ണുനമ്പൂതി,കെ.വി.വിനോദ്, പെരിങ്ങോം ഹാരീസ്, ശശിധരൻ വെള്ളൂർ എന്നിവർ സംസാരിച്ചു.
ന്യൂമാഹിയിൽ മനുഷ്യചങ്ങല തീർത്തു
ന്യൂമാഹി : സർക്കാരിന്റെ ലഹരി മുക്ത കേരളം വിമുക്തി 90 ദിന പരിപാടിയുടെ ഭാഗമായുള്ള ബോധവത്കരണത്തിന് ന്യൂമാഹി പഞ്ചായത്തിലെ ഏട്ടന്നൂരിൽ മനുഷ്യചങ്ങല, ലഹരി വിരുദ്ധ പ്രതിജ്ഞ, ദീപം തെളിക്കൽ, ബോധവത്കരണ ക്ലാസ് എന്നിവ നടത്തി.
നാലാം വാർഡ് ഗ്രാമസഭയും എക്‌സൈസ് വകുപ്പും ചേർന്നാണ് ബോധവത്കരണം നടത്തിയത്. സിവിൽ എക്‌സൈസ് ഓഫീസർ കെ.കെ.സമീർ ക്ലാസ് നയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.വി.ചന്ദ്രദാസൻ അധ്യക്ഷത വഹിച്ചു.വാർഡംഗം കെ. പ്രീജ, എക്‌സൈസ് ഇൻസ്‌പെക്ടർ എ.അനിൽകുമാർ, പ്രിവന്റീവ് ഓഫീസർമാരായ പി.പി.പ്രദീപൻ, എം.കെ.പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.
വിദ്യാഭ്യാസരംഗത്തെ നേട്ടത്തെ കോട്ടമാക്കാൻ വലതുപക്ഷശ്രമം
പാപ്പിനിശേരി(കണ്ണൂർ):വിദ്യാഭ്യാസരംഗത്ത് സംസ്ഥാനത്തിന്റെ നേട്ടങ്ങൾ പൂർണമായും ഇല്ലാതാക്കാൻ വലതുപക്ഷരാഷ്ട്രീയവും ചില ശക്തികളും ശ്രമിച്ചു വരികയാണെന്ന് എം.രാജഗോപാലൻ എം.എൽ.എ പറഞ്ഞു. കെ.എസ്.ടി.എ ജില്ലാസമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധിസമ്മേളനം പാപ്പിനിശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഉദാഹരണമാണ് വയനാട്ടിൽ പാമ്പ് കടിയേറ്റ് മരിച്ച ഷഹല യുടെ കാര്യത്തിലും കണ്ടത്.സംഭവം നിർഭാഗ്യകരമാണ്. ഒരിക്കലും സംഭവിക്കരുതായിരുന്നു.
കെ.സി.സുധീർ അദ്ധ്യക്ഷത വഹിച്ചു.കീച്ചേരിയിൽ നിന്നും പാപ്പിനിശേരിയിലേക്ക് അദ്ധ്യാപകർ പ്രകടനം നടത്തി. ഇന്ന് രാവിലെ മുതൽ പ്രതിനിധി സമ്മേളനം തുടരും. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും. ജില്ലയിലെ 15 ഉപജില്ലകളെ പ്രതിനിധീകരിച്ച് 607 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.