accident

കാസർകോട്: ദേശീയപാതയിൽ കുഞ്ചത്തൂർ പത്താം മൈലിൽ ബൈക്കും കർണാടക ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഹെൽമെറ്റ് വച്ച് യാത്രചെയ്യുകയായിരുന്ന ഉറ്റ സുഹ‌ൃത്തുക്കളായ രണ്ടു യുവാക്കൾ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന കുഡ്ലുവിലെ ജഗ്ഗു എന്ന ജഗദീഷ് (21) സംഭവസ്ഥലത്തുവച്ചും ഗുരുതരമായി പരിക്കേറ്റ കുഡ്‌ലു പച്ചക്കാട്ടെ സുനിൽ (21) മംഗളൂരു വെൻലോക് ആശുപത്രിയിൽ കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് 3.30 മണിയോടെയാണ് അപകടം. കാസർകോട്ട് നിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്ന കെ.എ 19 എഫ് 3178 നമ്പർ കർണാടക ആർ.ടി.സി ബസാണ് അപകടം വരുത്തിയത്. മംഗളുരുവിൽ നിന്ന് കാസർകോട് ഭാഗത്തേക്ക് വരികയായിരുന്നു ബൈക്ക് യാത്രികർ. അപകടത്തിൽ ബസിന്റെ അടിവശത്തേക്ക് തെറിച്ചുവീണ ഇരുവരുടെയും ദേഹത്തുകൂടി ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം ഇന്നു രാവിലെ നടക്കും.

കുശാല - ഉഷ ദമ്പതികളുടെ മകനായ സുനിൽ പെയിന്റിംഗ് തൊഴിലാളിയാണ്. കുഡ്‌ലുവിലെ പരേതനായ ശിവാനന്ദൻ - ശാന്ത ദമ്പതികളുടെ മകനായ ജഗദീഷ് കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ മൊബൈൽ ടെക്‌നീഷ്യനാണ്. സഹോദരിമാർ: ഗിരിജ, മഞ്ജു, ജ്യോതി.