രാവിലെ 11 മുതൽ വൈകുന്നേരം 5വരെ പൊടിശല്യം രൂക്ഷം

പൊടിയിൽ മുങ്ങി പാലാത്തടത്തെ ലേഡീസ് ഹോസ്റ്റൽ

വെള്ളം പമ്പുചെയ്യാൻ തയാറാകാതെ കരാറുകാരൻ

നീലേശ്വരം: ഇടത്തോട് റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്ന പ്രവൃത്തി നടക്കുന്നതിനാൽ പലഭാഗത്തും പൊടിശല്യം രൂക്ഷമായി.

പാലാത്തടം കാമ്പസിനു സമീപവും തൊട്ടടുത്ത വളവിലും റോഡിന്റെ കയറ്റം കുറയ്ക്കാനായി റോഡ് കിളച്ചിട്ടതിനാലാണ് പൊടിശല്യം രൂക്ഷമാക്കിയത്. ഇടിചൂടി തട്ടിലും നിലവിലുള്ള കൾവർട്ട് പൊളിച്ച് പുതിയ കൾവർട്ട് പണിയുന്നതിനാൽ റോഡ് പൊളിച്ച് ഗതാഗതം തൊട്ടടുത്ത സ്ഥലത്ത് കൂടിയാണ് തിരിച്ചു വിടുന്നത്.

വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന റോഡായതിനാൽ പൊടിശല്യം രൂക്ഷമായിരിക്കുകയാണ്. രാവിലെ 11 മണി മുതൽ 5 മണി വരെയാണ് പൊടി ശല്യം രൂക്ഷം. പൊടിശല്യം കുറയ്ക്കാൻ പ്രദേശത്ത് വെള്ളം തളിക്കാൻ കരാറുകാരൻ തയ്യാറാകാത്തതാണ് പൊടിശല്യം രൂക്ഷമാക്കുന്നത്.

ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളിലെ യാത്രക്കാരും പാലാത്തടം കാമ്പസിലെ പെൺകുട്ടികളുടെ ഹോസ്റ്റലിലിലുള്ളവരുമാണ് പൊടിശല്യം മൂലം ഏറെ ക്ളേശമനുഭവിക്കുന്നത്. വൈകുന്നേരമാവുമ്പോഴേക്കും ലേഡീസ് ഹോസ്റ്റലിനുള്ളിൽ പൊടിമയമായിരിക്കും.
അതുപോലെ ചായ്യോം സ്‌കൂൾ പരിസരത്തുള്ള കൾവർട്ട് പൊളിച്ച് പുതിയത് പണിയുന്നതിനായി റോഡ് പൊട്ടിപ്പൊളിച്ചതിനാൽ ഇവിടെയും പൊടിശല്യം രൂക്ഷമാണ്. വെള്ളം പമ്പുചെയ്ത് പൊടിശല്യം കുറയ്ക്കാൻ പൊതുമരാമത്തു വിഭാഗവും തയാറാകാത്തത് ഏറെ വിമർശനത്തിന് ഇടയാക്കികയിട്ടുണ്ട്.