പയ്യാവൂർ : മുത്തപ്പന്റെ ആരൂഢസ്ഥാനമായ കുന്നത്തൂർപാടിയിലെ തിരുവപ്പന ഉത്സവം്18ന് ആരംഭിക്കും. ധനുമാസത്തെ മരം കോച്ചുന്ന തണുപ്പ് പൊതിയുന്ന കുന്നത്തൂർ മലമുകളിലെ വനാന്തരത്തിലുള്ള മുത്തപ്പൻ ദേവസ്ഥാനത്തിന് ഇനി ഒരുമാസക്കാലം ഉത്സവഹർഷത്തിന്റെ നാളുകൾ. സ്ഥിരം മടപ്പുരയും ക്ഷേത്ര സങ്കേതങ്ങളുമില്ലാത്ത പാടിയിൽ പ്രകൃതിയോടിണങ്ങിയ ചടങ്ങുകളോടെയാണ് തിരുവപ്പന ഉത്സവം.
ഗുഹാക്ഷേത്രം എന്ന് അർഥമുള്ള മടപ്പുര കുന്നത്തൂർപാടിയിൽ അന്നും ഇന്നും ഗുഹാക്ഷേത്രം തന്നെ. കാട്ടുകമ്പും, ഞെട്ടിയോ, ഈറ്റയോ കൊണ്ട് നിർമ്മിക്കുന്ന താത്കാലിക മടപ്പുരയാണ് കുന്നത്തൂർപാടിയിൽ.സമുദ്ര നിരപ്പിൽ നിന്ന് മൂവായിരം അടി മുകളിലാണ് കുന്നത്തൂർമല. വർഷത്തിൽ തിരുവപ്പന ഉത്സവം നടക്കുന്ന ഒരുമാസം മാത്രമാണ് വനാന്തരത്തിലെ ദേവസ്ഥാനത്തേക്ക് ആൾപ്രവേശനം അനുവദിക്കുകയുള്ളു.
മുത്തപ്പന്റെ പ്രകൃതിയോടണങ്ങിയ ജീവിതം പോലെയാണ് കുന്നത്തൂർപാടിയിലെ എല്ലാ ചടങ്ങുകളും. ഈറ്റപന്തങ്ങൾ വെളിച്ചം തൂകുന്ന തിരുമുറ്റത്താണ് തിരുവപ്പന കെട്ടിയാടുന്നത്. ചടങ്ങുകൾക്കുള്ള ജലം വനാന്തരത്തിലെ തീർത്ഥകുണ്ടിൽ നിന്നാണ് എടുക്കുന്നത്.കരക്കാട്ടിടം വാണവരുടെ കങ്കാണിയറയും അഞ്ഞൂറ്റാന്റെ അണിയറയും ചന്തന്റെ കോമരത്തിന്റെയും സ്ഥാനിക പന്തലുകളുമെല്ലാം ഓലകൊണ്ടാണ് നിർമ്മിക്കുന്നത്. തിരുമുറ്റത്ത് ഭക്തർക്ക് ദർശനം കൊടുക്കാൻ തിരുവപ്പന ഇരിക്കുന്ന പീഠം. നിർമ്മിക്കുന്നതും മണ്ണുകൊണ്ട് മാത്രമാണ്. താഴെ പൊടിക്കളത്ത് ചൊവ്വാഴ്ച തന്ത്രിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന വിശേഷാൽ പൂജകളോടെയാണ് ഉത്സവത്തിന്റെ തുടക്കം.
ബുധനാഴ്ച്ച വൈകുന്നേരം കോമരം പൈങ്കുറ്റി വച്ചശേഷം പാടിയിൽ പ്രവേശിക്കുന്ന ചടങ്ങ് ആരംഭിക്കും. അഞ്ചില്ലം അടിയാന്മാർ കളിക്കപ്പാട്ടോടുകൂടി ഇരുവശത്തും ചൂട്ടുപിടിച്ച് തിരുവാഭരണപ്പെട്ടിയും ഭണ്ഡാരങ്ങളും പാടിയിലേക്ക് എഴുന്നള്ളിക്കും. കരക്കാട്ടിടം വാണവരെയും തന്ത്രിയെയും ആനയിക്കും. തുടർന്ന് തിരുമുറ്റത്ത് തന്ത്രിയുടെ കാർമ്മികത്വത്തിൽ കലശപൂജ ഉൾപ്പെടെയുള്ള കർമ്മങ്ങൾ നടക്കും. കോമരവും ചന്തനും മടപ്പുരയ്ക്കുള്ളിൽ പൈങ്കുറ്റി വെച്ചശേഷം കൊല്ലൻ കങ്കാണിയറയുടെ തൂണിൽ ഇരുമ്പ് കുത്തുവിളക്ക് തറയ്ക്കും. കങ്കാണിയറയിലെ വിളക്ക് തെളിയുന്നതോടെ ഉത്സവം ആരംഭിക്കും.
ഉത്സവത്തിന്റെ ആദ്യ ദിനത്തിൽ മുത്തപ്പന്റെ നാല് ജീവിത ഘട്ടങ്ങളെ പ്രതിനിധീകരിച്ച് പുതിയ മുത്തപ്പൻ, പുറംകാല മുത്തപ്പൻ, നാടുവാഴീശ്ശൻ ദൈവം, തിരുവപ്പന എന്നീ നാലു രൂപങ്ങളും കെട്ടിയാടും. മറ്റ് ഉത്സവ ദിനങ്ങളിൽ വൈകുന്നേരം 4.30ന് ഊട്ടും വെള്ളാട്ടവും രാത്രി 9.30ന് തിരുവപ്പനയുമാണ് കെട്ടിയാടുക. ജനുവരി 16ന് രാവിലെ ഉത്സവം സമാപിക്കും. എല്ലാ ദിവസവും പള്ളിവേട്ടയ്ക്ക് ശേഷമാണ് തിരുവപ്പന ഭക്തർക്ക് ദർശനം നൽകുക.ഉത്സവം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ അവസാനഘട്ട ജോലികൾ തീർക്കുന്ന തിരക്കിലാണ് സംഘാടകർ.