മാഹി: തലശ്ശേരി -മാഹി ബൈപാസിന് ഏറ്റെടുത്ത കിടപ്പാടത്തിന്റെ നഷ്ടപരിഹാരത്തിനായി മുട്ടാത്ത വാതിലുകളില്ല. കാണാത്ത അധികാരികളുമായി .കാലമേറെ കടന്നു പോയിട്ടും പള്ളൂരിലെ ഒരു നിർദ്ധന കുടുംബം ഇന്നും ഉഴലുകയാണ്. മാഹി റീജനൽ അഡ്മിനിസ്‌ട്രേറ്റർ ഓഫീസിലെ ചുകപ്പ്‌നാടയിൽ കുടുങ്ങി ഇല്ലിക്കൽ തറവാട്ടിലെ 42 അവകാശികളുടെ ആറേമുക്കാൽ സെന്റ് സ്ഥലത്തിനുള്ള നഷ്ടപരിഹാരമാണ് അനന്തമായി വൈകുന്നത്. 70 വർഷം മുമ്പ് മരിച്ച സ്ഥലമുടമ ഇല്ലിക്കൽ കേളുവിന്റെ നിയമപരമായ അവകാശി സർട്ടിഫിക്കറ്റ് (ലീഗൽ ഹെയർ സർട്ടിഫിക്കറ്റ്) ഹാജരാക്കിയാലേ നഷ്ടപരിഹാരം നൽകൂ എന്ന വാശിയിലാണ് അധികൃതർ.
ഇല്ലിക്കൽ കല്യാണി–കേളു ദമ്പതിമാർക്ക് എട്ട് മക്കളാണ്. മകൻ ചാലിൽ കൃഷ്ണൻ മരിച്ച ശേഷമാണ് ഒരു ഏക്കർ കുടുംബസ്വത്ത് ഭാഗംവെച്ചത്. ദേശീയപാത അധികൃതർ നിർദേശിച്ചത് പ്രകാരം ആറേമുക്കാൽ സെന്റ് സ്ഥലം പൊതുവായി മാറ്റിവെച്ചായിരുന്നു ഭാഗംവെപ്പ്. ഓഹരിവെച്ച സ്ഥലത്തിൽ ഇല്ലിക്കൽ രാമചന്ദ്രന്റെ തറവാട് വീടടക്കമുള്ള സ്ഥലവും നാണു, നാരായണി, ഇല്ലിക്കൽ രാഘവൻ എന്നിവരുടെ സ്ഥലവും ബൈപാസിനായി പിന്നീട് ഏറ്റെടുത്തു. ഈ സ്ഥലത്തിന്റെ നഷ്ടപരിഹാരം നേരത്തെ ലഭിച്ചതാണ്. കുടുംബസ്വത്തിലാണ് ലീഗൽഹെയർ സർട്ടിഫിക്കറ്റിന്റെ അനാവശ്യ ഉടക്ക്.
കേളുവിന്റെ എട്ട് മക്കളിൽ രാമചന്ദ്രൻ മാത്രമാണിപ്പോഴുള്ളത്. മരിച്ച ഏഴുമക്കളുടെയും നിയമപരമായ അവകാശി സർട്ടിഫിക്കറ്റ് ചേർത്താണ് നഷ്ടപരിഹാരത്തിന് അപേക്ഷിച്ചത്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിന് മുൻപ് രേഖകൾ ഹാജരാക്കി. ഏഴ് മാസം മാഹി താലൂക്ക് ഓഫീസിൽ ഫയൽ വിശ്രമിച്ചു. റീജനൽ ഓഫീസിലെത്തിയെങ്കിലും തീർപ്പുകാതെ കിടപ്പ്തുടങ്ങിയിട്ട് രണ്ടുമാസമായി. പലവട്ടം ഓഫീസ് കയറിയിറങ്ങിയിട്ടും അധികൃതർക്ക് അനക്കമില്ല. പള്ളൂർ ഗവ. ഹൈസ്‌കൂൾ മൈതാനത്തിനും ബൈപാസിനും സ്ഥലം വിട്ടുനൽകിയ കുടുംബത്തോടാണ് ക്രൂരത കാട്ടുന്നത്. കോടതിയിൽ നിന്ന് നിയമപരമായ അവകാശി സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇനിയും ആറു മാസം കാത്തിരിക്കേണ്ടിവരും.