മാഹി: പന്തക്കൽ ജംഗ്ഷനിലെ സ്റ്റേഷനറിക്കടയിൽ തീപ്പിടിത്തം. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തീയണച്ചു. പന്തക്കലിലെ കാട്ടിൽ പുരയിൽ സദാനന്ദന്റെ വാസുസ്റ്റേഷനറിക്കടയിലാണ് തീപ്പിടിത്തമുണ്ടായത്.തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പട്രോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് കടയിൽ നിന്ന് പുക പടരുന്ന വിവരം വീട്ടുകാരെ അറിയിച്ചത്.കടയുടെ ഷട്ടർ തുറക്കുമ്പോഴേക്കും മുഴുവൻ സാധനങ്ങളും കത്തിനശിച്ചിരുന്നു. കടയിൽ സൂക്ഷിച്ചിരുന്ന പന്ത്രണ്ടായിരം രൂപയും രേഖകളും കത്തിനശിച്ചവയിൽപ്പെടും. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
കടയോട് ചേർന്ന് ഇരുവശത്തും നിരനിരയായി കടകളുണ്ടെങ്കിലും പൊലീസുകാരുടെ ശ്രദ്ധയിൽപ്പെട്ടത് കൊണ്ട് വലിയ ദുരന്തം ഒഴിവായി.

പന്തക്കലിൽ കത്തി നശിച്ച സദാനന്ദന്റെ സ്റ്റേഷനറിക്കട