പാനൂർ: കുന്നോത്ത്പറമ്പ്, പാട്യം, മൊകേരി പഞ്ചായത്തുകളിലെ 506 ഏക്കർ ഏറ്റെടുത്ത് വ്യവസായ പാർക്ക് തുടങ്ങാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം കനക്കുന്നു. 270 വീട് ഉൾക്കൊള്ളുന്ന പ്രദേശത്തെ ജനജീവിതം ദുസഹമാകുമെന്നാണ് ആക്ഷേപം. ശാന്തിഗിരി ആശ്രമം, നവോദയാ കോളേജ്, മഹാത്മാഗാന്ധി കോളേജ് എന്നിവയുള്ള സ്ഥലത്താണ് വികസനം വരുന്നത്. കസ്തൂരിരംഗൻ റിപ്പോർട്ടിൽ പറയുന്ന പരിസ്ഥിതി ലോല മേഖലയായ 168 ഏക്കറും ഇതിലുൾപ്പെടുമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഒരു ലക്ഷത്തോളം കശുമാവ് തൈകളും നശിക്കും. ഇതോടെ ഉപജീവന മാർഗം ഇല്ലാതാകും. വ്യവസായ യൂണിറ്റുകൾ വന്നാൽ കുടിവെള്ളം ഇല്ലാതാക്കും. ഇതാണ് എതിർക്കാൻ കാരണമെന്നും പറയുന്നു. കഴിഞ്ഞ ആഴ്ച പാനൂരിൽ രണ്ടായിരം പേരെ പങ്കെടുപ്പിച്ച് സമര പ്രഖ്യാപനയോഗം നടത്തിയിരുന്നു.
മൊകേരി വില്ലേജ് ഓഫീസിൽ നടത്തിയ ഹിയറിംഗിൽ കിൻഫ്ര പ്രതിനിധികളടക്കം പങ്കെടുത്തിരുന്നു. ഇതിൽ 420 ഭൂവുടമകൾ വിസമ്മത പത്രം നൽകിയിരുന്നു. ഇതേ തുടർന്ന് ഉണ്ടാക്കിയ എക്സ്പേർട്ട് കമ്മിറ്റിയിൽ വാർഡ് മെമ്പർ മാത്രമാണ് പ്രദേശത്തെ പ്രശ്നങ്ങൾ അറിയുന്ന ആളെന്ന് ആക്ഷൻ കമ്മിറ്റി ചെയർമാൻ കുഞ്ഞിരാമൻ ആരോപിച്ചു.
റോഡ്, വൈദ്യുതി, വെള്ളം എന്നിവ ഉണ്ടാക്കി വ്യവസായികൾക്ക് നൽകുന്നതോടെ പരിസ്ഥിതി ആഘാതം ഉണ്ടാകില്ലെന്ന ഉറപ്പൊക്കെ പാഴാകുമെന്നാണ് വാദം. ദീപിക ഗ്രൗണ്ടിൽ 29, 30 തിയതികളിൽ രാപകൽ സമരം നടത്തുന്നുണ്ട്.