നീലേശ്വരം:​ വൈദ്യുതി കേബിൾ വലിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും കേബിൾ അടങ്ങിയ റോളർ മാറ്റാതെ റോഡരികിൽ ഇട്ടത് ഗതാഗതതടസം സൃഷ്ടിക്കുന്നു.നീലേശ്വരം ബസ് സ്റ്റാൻഡിന്റെ പടിഞ്ഞാറു ഭാഗത്ത് രാജാ റോഡിനോടു ചേർന്നാണ് റോളർ വച്ചിട്ടുള്ളത്.

ഇതിനാൽ ബസ് സ്റ്റാൻഡിൽ നിന്ന് രാജാ റോഡിലേക്ക് ഇറങ്ങുന്ന ബസുകൾക്ക് മെയിൻ റോഡിൽകൂടി വരുന്ന വാഹനങ്ങളെ കാണാൻ പറ്റാത്ത അവസ്ഥയാണ്. രാജാ റോഡിൽ കൂടി വരുന്ന ഇരുചക്രവാഹനങ്ങളാണ് ഇതുകാരണം ഏറെ ബുദ്ധിമുട്ടുന്നത്. ഇതുപോലെ മെയിൻ റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് ബസ് സ്റ്റാൻഡിൽ നിന്നും വരുന്ന വാഹനങ്ങളും കാണാൻ സാധിക്കുന്നില്ല.

ഇതു മാറ്റേണ്ട വൈദ്യുതി വകുപ്പാകട്ടെ ഇക്കാര്യം മറന്ന അവസ്ഥയിലാണ്. നടപടി എടുക്കേണ്ട നഗരസഭ അധികൃതരും പൊലീസും ഇതു കണ്ടില്ലെന്നു നടിക്കുകയുമാണ്.

കേബിൾ പണി തീർന്നിട്ടില്ല. ബസ് സ്റ്റാൻഡിന് സമീപത്തായതിനാൽ പകൽ സമയങ്ങളിൽ കേബിൾ വലിക്കാൻ സാദ്ധ്യമല്ല. രാത്രി കാലങ്ങളിൽ പണി തീർത്ത് കേബിൾ റോളർ മാറ്റാൻ കരാറുകാരനോട് ആവശ്യപ്പെടും.

വൈദ്യുതി വകുപ്പ് അധികൃതർ

ഇവിടെ ഒന്നിനും വ്യവസ്ഥയില്ല. എല്ലാവരുടെയും ചീത്ത വിളി ഞങ്ങൾക്കു നേരെയാണ്.

ഗതാഗതം നിയന്ത്രിക്കുന്ന ഹോംഗാർഡ്

വഴിമുടക്കി റോഡരികിൽ ഇട്ടിരിക്കുന്ന കേബിൾ റോളർ