കണ്ണൂർ : റോഡിലെ അനധികൃത പാർക്കിംഗിനും കൈയേറ്റങ്ങൾക്കുമെതിരെ നടപടി വരുന്നു.ദേശീയ പാതയ്‌ക്കും പൊതുമരാമത്ത് റോഡുകൾക്കും അരികിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ കളക്ടർ ടി വി സുഭാഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല റോഡ് സുരക്ഷാ കൗൺസിൽ യോഗം തീരുമാനിച്ചു. ഇതിനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ പൊലീസ്, ആർ.ടി.എ, പൊതുമരാമത്ത് വകുപ്പുകൾക്ക് യോഗം നിർദേശം നൽകി. പലയിടങ്ങളിലും പ്രധാന റോഡുകൾക്ക് അരികിലെ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കൈയേറി വാഹന പാർക്കിംഗിനായി ഉപയോഗിക്കുന്നതായി യോഗത്തിൽ പരാതി ഉയർന്നു. പലപ്പോഴും ഗതാഗത തടസത്തിനും റോഡ് അപകടങ്ങൾക്കും ഇത് കാരണമാകുന്നുണ്ട്.
തട്ടുകടകൾ ഒഴിപ്പിക്കും:
പൊതുസ്ഥലങ്ങളും റോഡ് പുറമ്പോക്കും കൈയേറിയുളള തട്ടുകടകളും അടിയന്തരമായി നീക്കം ചെയ്യും. ഇത്തരം സ്ഥലങ്ങൾ പരിശോധിച്ച് അനധികൃത പാർക്കിംഗും റോഡ് കൈയേറ്റങ്ങളും ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് കളക്ടർ നിർദേശിച്ചു. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബസ് ജീവനക്കാർക്കെതിരെ നടപടി
വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറുന്ന സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ഇത്തരം പരാതികൾ വിദ്യാർത്ഥികൾ അതത് പൊലീസ് സ്‌റ്റേഷനിലോ ആർ.ടി.ഒ അധികൃതരെയോ അറിയിക്കണം. ഇത്തരം പരാതികളിൽ കർശനമായ നടപടിയെടുക്കാൻ എല്ലാ പൊലീസ് സ്‌റ്റേഷനുകൾക്കും ജില്ലാ പൊലീസ് അധികാരികൾ പ്രത്യേക നിർദേശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
ട്രോമ കെയർ വോളന്റിയർമാർ
അപകടങ്ങളിൽ പെടുന്നവർക്ക് അടിയന്തര സഹായമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ പൊലീസ് സ്‌റ്റേഷൻ പരിധിയിലും ട്രോമ കെയർ വോളന്റിയർമാരുടെ സംഘം രൂപീകരിക്കുന്നതിന് യോഗം തീരുമാനിച്ചു. ഓരോ സ്‌റ്റേഷൻ പരിധിയിലും അമ്പത് പേരടങ്ങുന്ന വോളന്റിയർ സംഘത്തെയാണ് പരിശീലനം നൽകി സജ്ജരാക്കുക. അതത് പ്രദേശത്തെ തൽപ്പരരായ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരെയാണ് ട്രോമ കെയർ വോളന്റിയർമാരായി പരിശീലിപ്പിക്കുക. താൽപ്പര്യമുളളവർ അതത് പൊലീസ് സ്‌റ്റേഷനുകളിൽ പേര് രജിസ്റ്റർ ചെയ്യണം.
കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ അഡീഷനൽ എസ്.പി .വി ഡി വിജയൻ, ആർ.ടി.ഒ വി. വി. മധുസൂദനൻ, പൊതുമരാമത്ത് റോഡ്‌സ് എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ജിഷാകുമാരി, ദേശീയപാതാ വിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ കെ വി ശശി, കെ ഹരീന്ദ്രൻ എന്നിവർ പങ്കെടുത്തു.