തൃക്കരിപ്പൂർ: അപകടകരമാം വിധം ബൈക്കോടിച്ച യുവാവിന്റെ പ്രവർത്തിക്കെതിരെ പ്രതികരിച്ച ഹയർ സെക്കൻഡറി പ്രിൻസിപ്പാളിന് പൊലീസ് സ്റ്റേഷനിൽ പീഡനമനുഭവിക്കേണ്ടി വന്നതിൽ പരക്കെ പ്രതിഷേധം ഉയരുന്നു.

ലക്ഷ്വറി ബൈക്കിൽ യുവാവ് നടത്തിയ അഭ്യാസ പ്രകടനത്തിനെതിരെ തൃക്കരിപ്പൂർ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സി.കെ.ഹരീന്ദ്രൻ നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പയ്യന്നൂർ പൊലീസും യുവാവിന്റെ ബന്ധുക്കളും പീഡിപ്പിച്ചതായാണ് പരാതി. ലൈസൻസ്, ഹെൽമെറ്റ്, നമ്പർ പ്ളേറ്റ് എന്നിവയൊന്നുമില്ലാതെ അമിത വേഗത്തിൽ സ്കൂൾ സമയം അനാവശ്യമായി അഭ്യാസപ്രകടനം നടത്തിയ വ്യക്തിക്കെതിരെ ചന്തേര പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ഈ യുവാവിനെ വെള്ളപൂശാനുള്ള പയ്യന്നൂർ പൊലീസിന്റെ ഇടപെടലാണ് വിവാദമായത്. ഇതിനെതിരേ അധ്യാപകരൊന്നടങ്കം രംഗത്തിറങ്ങിയിരിക്കുകയാണ്.

പൊലീസ് സ്റ്റേഷനിൽ വെച്ച് അപമാനിക്കപ്പെട്ട പ്രിൻസിപ്പാൾ മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നൽകി. സ്കൂളിൽ ചേർന്ന പി.ടി.എ യോഗം സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.

സംഭവം ഇങ്ങനെ

സൗത്ത് തൃക്കരിപ്പൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ റോഡിലാണ് വ്യാഴാഴ്‌ച രാവിലെ ഒമ്പതിനും ഒമ്പതരയ്ക്കും ഇടയിൽ യുവാവ് ലക്ഷ്വറി ബൈക്ക് റൈസിംഗ് നടത്തിയത്. അമിത വേഗത്തിൽ വൻ ശബ്ദത്തോടെ തലങ്ങും വിലങ്ങും വണ്ടി ഓടുന്നത് ശ്രദ്ധയിൽ പെട്ട പ്രധാനധ്യാപകൻ ഹരീന്ദ്രൻ മൊബൈലിൽ പകർത്തി പെലീസിന് കൈമാറി. വൈകീട്ടോടെ തൃക്കരിപ്പൂരിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തു. 14 ലക്ഷം വിലയുള്ള സുസുക്കി യുടെ ഹൈബുസ ബൈക്കാണ് ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തത്. കറങ്ങിയത് ഉൾപ്പെടെയുള്ള വകുപ്പിട്ട് ചന്തേര പൊലീസ് കേസടുത്തതിന് ശേഷം ബൈക്ക് വിട്ടുകൊടുത്തു. പിന്നാലെയാണ് പയ്യന്നൂർ സി.ഐ സ്റ്റേഷനിൽ ഹാജരാകണമെന്ന് പ്രിൻസിപ്പളിനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടത്. വെള്ളിയാഴ്ച അഞ്ചു മണിക്ക് സ്റ്റേഷനിൽ ഹാജരായ പ്രിൻസിപ്പളിനെ സി.ഐയും പ്രതിയുടെ ബന്ധുക്കളും ഭീഷണിപ്പെടുത്തുകയായിരുന്നു. സ്ക്കൂളിൽ ചേർന്ന പി.ടി.എ യോഗ തീരുമാനപ്രകാരമാണ് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പൊലീസ് കംപ്ലയിന്റ് അതോറിറ്റി, ബാലാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയത്.