കണ്ണൂർ: ജനുവരി ഒന്നു മുതൽ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിരോധനം ആവശ്യമായ മുന്നൊരുക്കമില്ലാതെയും അശാസ്ത്രീയവുമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉത്പാദനം കുറച്ചു കൊണ്ടു വരുന്നതിന് പകരം ഒരു സുപ്രഭാതത്തിൽ നിരോധനം ഏർപ്പെടുത്തുന്നത് പ്രായോഗികമല്ലെന്നും ഇത് വ്യാപാര മേഖലയെ മൊത്തം പ്രതിസന്ധിയിലാക്കുമെന്നും യൂത്ത് വിംഗ് ഭാരവാഹികൾ പറഞ്ഞു. ഇതിനെതിരെ 19ന് രാവിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും യൂത്ത് വിംഗിന്റെയും നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മാർച്ച് രാവിലെ 10 30 ന് ഹെഡ്‌പോസ്റ്റ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിക്കും. ധർണ ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. റിയാസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി സായി കിഷോർ, ട്രഷറർ കെ.പി. ഇബ്രാഹിം യൂത്ത് വിംഗ്, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന, ജില്ലാ നേതാക്കൾ എന്നിവർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ.എസ്. റിയാസ്, സായി കിഷോർ, സെക്രട്ടറി കെ. ഷമീർ, കെ.പി. ഇബ്രാഹിം, പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ. സുന്ദർരാജ് എന്നിവർ പങ്കെടുത്തു.