കാസർകോട്: റെയിൽവേ ഗേറ്റ് വീണതിനെ തുടർന്ന് ടോറസ് ലോറി പാളത്തിൽ കുടുങ്ങിയത് പരിഭ്രാന്തി പരത്തി. ഈ സമയം വരികയായിരുന്ന ട്രെയിൻ സിഗ്‌​നൽ നൽകി നിർത്തിച്ചതിനാൽ ഒഴിവായത് വൻദുരന്തം.

ഇന്നലെ രാവിലെ 8.30 മണിയോടെ ഉപ്പള റെയിൽവേ ഗേറ്റിനടുത്താണ് സംഭവം. മഞ്ചേശ്വരം ഹാർബറിലേക്ക് പണിസാധനങ്ങളുമായി പോകുകയായിരുന്ന ടോറസ് ലോറി ഉപ്പള റെയിൽവേ ഗേറ്റ് കടന്നു പോകുന്നതിനിടെ ഗേറ്റ് ലോറിക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഇതോടെ ലോറി പാളത്തിൽ കുടുങ്ങി. ഈ സമയം മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന മലബാർ എക്‌​സ്പ്രസ് ട്രെയിൻ കുമ്പളയിലെത്തിയിരുന്നു. സിഗ്‌​നൽ നൽകി ട്രെയിൻ കുമ്പള റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടു. തുടർന്ന് നാട്ടുകാർ ചേർന്ന് ലോറി പാളത്തിൽ നിന്ന് തള്ളിമാറ്റിയാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്.