mariyakutti
മറിയക്കുട്ടി

ചെറുപുഴ: കാക്കേഞ്ചാൽ പടത്തടത്തെ കുട്ടമാക്കൽ മറിയക്കുട്ടി കൊലക്കേസിന്റെ അന്വേഷണം തുടങ്ങി ഏഴ് വർഷത്തിനു ശേഷം കൂടുതൽ തെളിവുകൾ പുറത്ത് വരുന്നു. അന്ന് കാണാതെ പോയ ദൃശ്യങ്ങളാണ് ഇപ്പോൾ സി.ബി.ഐ കണ്ടെടുത്ത് കേസന്വേഷണത്തിന് തുമ്പുണ്ടാക്കാനുള്ള ശ്രമം നടത്തുന്നത്.അന്വേഷണങ്ങൾക്കിടയിൽ കാണാതെ പോയ നിരീക്ഷണ കാമറാ ദൃശ്യങ്ങൾ കണ്ടെടുത്തുകൊണ്ടുള്ള സി.ബി.ഐയുടെ അന്വേഷണമാണ് കേസിന് വഴിത്തിരിവായി മാറുന്നത്.ഈ ദൃശ്യങ്ങൾ സി.ബി.ഐ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പൊതുജനങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിച്ചു. ഉച്ചയ്‌ക്ക് ശേഷം രണ്ടര മുതൽ രാത്രി ഏഴ് വരെയുള്ള ദൃശ്യങ്ങളാണ് പ്രദർശിപ്പിച്ചത്.ഇതിൽ സംശയം തോന്നിയ ചില ദൃശ്യങ്ങൾ ആളുകൾ സി.ബി.ഐ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.ഈ രംഗങ്ങൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കും.

നേരറിയാൻ സി..ബി.. ഐ :

2012 മാർച്ച് അഞ്ചിന് രാവിലെയാണ് മറിയക്കുട്ടി ഒറ്റയ്‌ക്ക് താമസിക്കുന്ന വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.ലോക്കൽ പൊലീസിന്റെ അന്വേഷണം എങ്ങുമെത്താതെ വന്നപ്പോൾ ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തുവെങ്കിലും അവർക്കും കേസിന് തുമ്പുണ്ടാക്കാൻ കഴിഞ്ഞില്ല. മറിയക്കുട്ടിയുടെ മക്കൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.

പെരിങ്ങോം പൊലീസ് 188/2012 ക്രൈം നമ്പറായി രജിസ്റ്റർ ചെയ്ത കേസിലെ കേസന്വേഷണത്തിനിടയിൽ തെളിവുകൾ നശിപ്പിക്കാനും തിരിമറി നടത്താനും ചില ഉന്നതരുൾപ്പെടെ ശ്രമിച്ചതെന്തിനെന്ന് നാട്ടുകാരിലുയർന്നിരുന്ന ചോദ്യം ബലപ്പെടുത്തിക്കൊണ്ടാണ് നിർണായക തെളിവുകൾ സി..ബി..ഐ കണ്ടെത്തിയത്.

കൊലപാതകം നടക്കുന്നതിന്റെ തലേ ദിവസം പയ്യന്നൂരിൽ നിന്ന് മദ്യവും ഭക്ഷണവും സോക്സും വാങ്ങാനെത്തിയ ആളുടെ ചിത്രം പതിഞ്ഞിരിക്കാൻ സാധ്യതയുള്ളതിനാൽ പയ്യന്നൂരിലെ ജ്വല്ലറിയുടെ നിരീക്ഷണ കാമറയിലെ ദൃശ്യങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പൊലീസ് ശേഖരിച്ചിരുന്നു.2012 മാർച്ച് നാലിന്റെ ദൃശ്യങ്ങൾ പകർത്തി ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലയച്ചപ്പോൾ കേസന്വേഷണ പുരോഗതിക്കുള്ള ദൃശ്യങ്ങളൊന്നും അതിൽ നിന്ന് കിട്ടിയില്ല.ഇതോടെ അന്വേഷണം വഴിമുട്ടുകയായിരുന്നു.പരിശോധനക്കയച്ച ദൃശ്യങ്ങളിൽ തിരിമറി നടത്തിയതായിരുന്നു ഇതിന് കാരണം.

കേസ് അട്ടിമറിച്ച് ലോക്കൽ പൊലീസ്

വിവാദമായ മറിയക്കുട്ടി വധക്കേസിന്റെ അന്വേഷണം അട്ടിമറിച്ചതിനു പിന്നിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു. 2012 മാർച്ച് നാലിന്റെ ദൃശ്യങ്ങൾക്ക് പകരം അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർ ഫോറൻസിക് ലാബിലേക്ക് പരിശോധനക്കയച്ചത് 2013 മാർച്ച് നാലിന്റെ ദൃശ്യങ്ങളായിരുന്നു.ഇക്കാര്യം കോടതിയിൽ ചൂണ്ടിക്കാണിച്ചപ്പോൾ ഉദ്യോഗസ്ഥ വീഴ്ചക്കെതിരെ ജസ്റ്റിസ് കമാൽ പാഷെയുടെ നിശിത വിമർശനവുമുണ്ടായിരുന്നു.