കാസർകോട്: തൊഴിലിടത്തിൽ പൊലീസുകാരായ ഭർത്താക്കൻമാരെ മേലുദ്യോഗസ്ഥൻ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഒരു കൂട്ടം വീട്ടമ്മമാർ പൊതുപരാതിയുമായി വനിതാ കമ്മിഷൻ മുമ്പാകെ എത്തി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ വനിതാ കമ്മിഷൻ അദാലത്തിൽ പരാതിക്കാരായ 12 വീട്ടമ്മമാരിൽ ആറ് പേരാണ് ഹാജരായത്.

പൊലീസ് വകുപ്പിലെ ടെലി കമ്മ്യൂണിക്കേഷൻ സെക്ഷൻ സി.ഐയ്ക്ക് എതിരെയായിരുന്നു പരാതി. ഭർതൃ പിതാവ് കുഴഞ്ഞ് വീണിട്ടും, മേലുദ്യോഗസ്ഥൻ ആശുപത്രിയിൽ കൊണ്ടുപോകാൻ തന്റെ ഭർത്താവിനെ അനുവദിച്ചില്ലെന്ന് പരാതിക്കാരിൽ ഒരാൾ കമ്മീഷനിൽ പരാതിപ്പെട്ടു. പരാതി കേട്ടശേഷം,കമ്മീഷൻ അംഗം ഷാഹിദാ കമാൽ നിജസ്ഥിതി പരിശോധിച്ച് ഒരുമാസത്തിനകം റിപ്പോർട്ട് നൽകാൻ എ.എസ്.പി ഡി ശില്പയെ ചുമതലപ്പെടുത്താൻ ജില്ലാ പൊലീസ് മേധാവിയോട് നിർദേശിച്ചു.

തൊഴിലിടത്തിൽ നിന്നുള്ള പീഡനത്തെ പറ്റി ഇതിനുമുമ്പും കമ്മുഷൻ മുമ്പാകെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും, ഇത് ആദ്യമായാണ് ഇത്രയും വീട്ടമ്മമാർ, ഭർത്താക്കന്മാരുടെ മേലുദ്യോഗസ്ഥന് എതിരെ പൊതുപരാതിയുമായി കമ്മിഷൻ മുമ്പാകെ എത്തുന്നതെന്ന് ഷഹിദാ കമാൽ പറഞ്ഞു. ഈ പരാതിയിലെ എതിർകക്ഷിയായ സി.ഐ ആശുപത്രിയിൽ ചികിത്സയിലായതിനാൽ സിറ്റിംഗിൽ ഹാജരാകാൻ കഴിയില്ലെന്ന് രേഖാമൂലം അറിയിച്ചതായി ഇവർ പറഞ്ഞു. ജനുവരി 24 ന് നടക്കുന്ന അടുത്ത സിറ്റിംഗിൽ ഈ കേസ് പരിഗണിക്കും. ആവശ്യമെങ്കിൽ പരാതിക്കാരുടെ ഭർത്താക്കന്മാരെ വിളിച്ച് കമ്മിഷൻ മൊഴിയെടുക്കും