കാസർകോട്: ജില്ലയിൽ പി.എസ്.സി പരീക്ഷ നടന്ന പല കേന്ദ്രങ്ങളിലും ഉദ്യോഗാർത്ഥികളുടെ പാദരക്ഷകൾ അഴിപ്പിച്ചതായി പരാതി. സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ക്ലാസ് മുറികളിൽ വിദ്യാർത്ഥികളോ അദ്ധ്യാപകരോ പാദരക്ഷകൾ ഉപയോഗിക്കുന്നത് വിലക്കാൻ പാടില്ലെന്ന് അടുത്തിടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം.
കാസർകോട് നഗരത്തോടടുത്ത മൊഗ്രാൽപുത്തൂർ ഗവ. സ്‌കൂളിലെ പുതിയ ബ്ലോക്കിൽ പരീക്ഷയെഴുതാനെത്തിയ മുഴുവൻ പേരോടും നിർബന്ധിതമായി തന്നെ ചെരുപ്പും ഷൂസും പുറത്ത് അഴിച്ചുവയ്ക്കാൻ അധികൃതർ ആവശ്യപ്പെട്ടതായി പരീക്ഷ എഴുതിയ ഒരു യുവതി പറഞ്ഞു. ടൈലിട്ട ക്ലാസ് മുറികളിൽ ചെരുപ്പ് ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമമെന്ന് ക്ലാസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപിക പറഞ്ഞത്.സർക്കാർ ഉത്തരവിനെ കുറിച്ച് ചോദിച്ചപ്പോൾ ഇത് ഇവിടുത്തെ പി.ടി.എയും വികസനസമിതിയും നേരത്തേ നടപ്പാക്കിയ നിയമമാണെന്നായിരുന്നു മറുപടി. തിരുവനന്തപുരത്തെ സിവിൽ പൊലീസ് ഓഫീസർ പരീക്ഷാ ക്രമക്കേടിനെ തുടർന്ന് പി.എസ്.സി ഉദ്യോഗാർത്ഥികൾക്കായി പുറത്തിറക്കിയ കർശനമായ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരുന്നു പരീക്ഷാ നടത്തിപ്പ്. ഇതിനു പുറമെയാണ് പാദരക്ഷയ്ക്കു കൂടി വിലക്ക് കല്പിച്ചത്. പല പരീക്ഷാകേന്ദ്രങ്ങളിലും വിലക്കുകൾ പാലിക്കാൻ കാണിച്ച ആത്മാർത്ഥത സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ ഉണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്.