health

നമ്മുടെ ശരീരത്തിന്റെ സന്തുലനാവസ്ഥയിൽ സോഡിയത്തിന് നിർണായക പങ്കാണുള്ളത്. സോഡിയം കുറഞ്ഞു പോകുന്ന അവസ്ഥയെ ഹൈപ്പോനാട്രീമിയ എന്നാണ് പറയുന്നത്. പ്രായമായവരിലാണ് സാധാരണയായി ഈ പ്രശ്നം കണ്ടുവരുന്നത്. എന്നാൽ കുട്ടികളെയും ഇത് ബാധിക്കാം. സോഡിയം പെട്ടെന്ന് കുറയുമ്പോഴാണ് കൂടുതൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നം. തലവേദന, ഛർദ്ദി, സ്വബോധമില്ലാത്ത അവസ്ഥ, മറവി, ക്ഷീണം, തളർച്ച, അപസ്മാരം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.

പ്രായമുള്ളവരിൽ സ്വഭാവത്തിലെ വ്യതിയാനങ്ങൾ, സ്ഥിരമായി ചെയ്തിരുന്ന കാര്യങ്ങൾ മറന്നുപോവുക, ആളുകളെ തിരിച്ചറിയാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങൾ ശ്രദ്ധിക്കണം. സോഡിയം കുറയുന്നത് മസ്തിഷ്‌കത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. ഹൈപ്പോതലാമസ്, അഡ്രീനൽ ഗ്രന്ഥി, വൃക്കകൾ എന്നിവ സോഡിയത്തിന്റെ സന്തുലനത്തിൽ പങ്കുവഹിക്കുന്നു.

ഭക്ഷണവും, പാനീയവും വഴിയാണ് ശരീരം വേണ്ടുന്ന സോഡിയം നേടിയെടുക്കുന്നത്. ദിവസവും 1.5 ഗ്രാമിൽ കുറയാതെ സോഡിയം അടങ്ങിയ ഭക്ഷണം കഴിക്കണം. മധുരക്കിഴങ്ങ്, ചീര, മത്സ്യ മാംസാദികളിൽ എന്നിവയിൽ സോഡിയം അടങ്ങിയിരിക്കുന്നു. എന്നാൽ ഹൈപ്പർ ടെൻഷൻ, ഹൃദയ രോഗികൾ സോഡിയം കലർന്ന ഭക്ഷണം അമിതമായി കഴിക്കുമ്പോൾ സൂക്ഷിക്കണം.

വിയർപ്പിലൂടെയും, മൂത്രത്തിലൂടെയും സോഡിയം ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്നു. അതിസാരം കാരണം ജലാംശവും ഒപ്പം ലവണാംശവും നഷ്ടപ്പെടുമ്പോൾ കുടിക്കാനായി ഉപ്പും പഞ്ചസാരയും ചേർത്ത പാനീയം നൽകുന്നതാണ് ഉത്തമം. വെയിലത്ത് അദ്ധ്വാനിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും വിയർപ്പിലൂടെ ജലാംശത്തോടൊപ്പം സോഡിയവും നഷ്ടപ്പെടാനിടയുണ്ട്. ആരോഗ്യമുള്ള വൃക്കകൾ മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുന്നു.

സോഡിയം കൂടിപ്പോകുന്ന അവസ്ഥയും പ്രശ്നമാണ്. ഹൈപ്പർനാട്രീമിയ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. പ്രായമായവരെ പോലെ കുട്ടികളിലും ഈ പ്രശ്നം കണ്ടുവരുന്നു. ശരീരത്തിൽ ജലാംശം കുറയുന്നതാണ് സോഡിയം കൂടുന്നതിന്റെ പ്രധാനം കാരണം. ക്ഷീണം, ദാഹം, മയക്കം തുടങ്ങിയ ലക്ഷണങ്ങളാണിതിലുണ്ടാവുക. സ്വയം രോഗം നിർണയിക്കുന്നതും, ചികിത്സ ചെയ്യുന്നതും കൂടുതൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്നതിനാൽ ഡോക്ടറുടെ സഹായം തേടുകതന്നെ വേണം.

ഡോ. ഇറിന എസ്. ചന്ദ്രൻ

പുല്ലായിക്കൊടി ആയുർവേദ,

പൂക്കോത്ത് നട,

തളിപ്പറമ്പ്.

ഫോൺ - 9544657767.