കണ്ണൂർ: പൗരത്വനിയമ ഭേദഗതിക്കെതിരെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹർത്താൽ ജില്ലയിൽ ഭാഗികം. പ്രധാനനഗരങ്ങളിൽ കടകൾ അടഞ്ഞു കിടന്നപ്പോൾ ഗ്രാമപ്രദേശങ്ങളെ ബാധിച്ചില്ല. കെ.. എസ്.. ആർ..ടി..സി ബസ്സുകൾ സർവ്വീസ് നടത്തിയെങ്കിലും ചിലയിടങ്ങളിൽ കല്ലേറുണ്ടായതിനെ തുടർന്ന് നിർത്തിവച്ചു..സ്വകാര്യ ബസ്സുകളും ഓടിയില്ല. ഇരുചക്രവാഹനങ്ങളും മറ്റു സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി.

വാഹനങ്ങൾ തടയാനും കടകൾ അടപ്പിക്കാനും ഹർത്താൽ അനുകൂലികൾ പലയിടത്തും തെരുവിലിറങ്ങി. ഇരിട്ടിയിലും തലശേരിയിലും കെ.. എസ്.. ആർ..ടി..സി ബസ്സുകൾക്ക് നേരെ കല്ലേറുണ്ടായി.

കെ.എസ്.ആർ.ടി.സി ചില സർവീസുകളൊഴികെ ബാക്കിയുള്ള ബസുകളൊന്നും സർവീസ് നടത്തുന്നില്ല. സ്വകാര്യവാഹനങ്ങൾ ഓടുന്നുണ്ട്. പരീക്ഷകൾ നടക്കുന്നതിനാൽ സ്‌കൂൾ വാഹനങ്ങൾ ഓടി. എന്നാൽ ബസുകളില്ലാത്തത് വിദ്യാർത്ഥികളെ വലച്ചു.

തിങ്കളാഴ്ച രാത്രി മുതൽ നിരവധി പ്രവർത്തകരെ പൊലീസ് മുൻ കരുതലായി കസ്റ്റഡിയിലെടുത്തു. അൻപതിലധികം പേരെയാണ് കണ്ണൂരിൽ മുൻകരുതലായി അറസ്റ്റ് ചെയ്തത്. ഇതിൽ രണ്ട് സ്ത്രീകളും ഉൾപ്പെടും. കാൾടെക്‌സ് ജംഗ്ഷനിൽ രാവിലെ എട്ടരയോടെ നടന്ന പ്രതിഷേധത്തിൽ 15 പേരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എസ്.ഐ.ഒ പ്രവർത്തകരാണ് പ്രതിഷേധിച്ചത്. തോട്ടട മേഖലയിലും വാഹനങ്ങൾ തടയാൻ പ്രവർത്തകരെത്തി. മട്ടന്നൂരിലും രാവിലെ വാഹനങ്ങൾ തടയാൻ ശ്രമിച്ചു. ഇതിലും പൊലീസ് ഇടപെട്ട് ഇവരെ നീക്കം ചെയ്തു.