ആശുപത്രിയിൽ മൾട്ടി ആശുപത്രിപദവിയിലെത്തിക്കാൻ
രണ്ടാംഘട്ട നിർമ്മാണത്തിന് ആകെ 46.18 കോടി
നബാർഡ് 39.18
സംസ്ഥാനവിഹിതം 6.93
ഒന്നാംഘട്ടത്തിൽ -13.05 കോടി (നബാർഡ്)
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പ് താലൂക്കാശുപത്രി മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായി വികസിപ്പിക്കുന്നതിനുള്ള നിർമ്മാണങ്ങൾക്കായി നബാർഡിന്റെ സഹായത്തോടെ രണ്ടാം ഘട്ടമായി 46.18 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നബാർഡിന്റെ വിഹിതമായി 39.25 കോടി രൂപയും സംസ്ഥാന വിഹിതമായി 6.93 കോടി രൂപയുമാണ് അനുവദിക്കുന്നത്. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ പ്രവൃത്തികൾക്ക് കഴിഞ്ഞ വർഷം നവംബറിൽ നബാർഡിന്റെ ആദ്യഘട്ട സാമ്പത്തിക സഹായമായി 13.05 കോടി രൂപ അനുവദിച്ചിരുന്നു.
രണ്ട് ഘട്ടങ്ങളിലെ പ്രവർത്തനങ്ങളിലൂടെയാണ് മൾട്ടി സ്‌പെഷ്യാലിറ്റി യാഥാർത്ഥ്യമാകുന്നത്. 9 നിലകളുള്ള കെട്ടിടമാണ് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയ്ക്കായി നിർമ്മിക്കുന്നത്. ബേസ്‌മെന്റിന് താഴെ രണ്ട് നിലകൾ ഉൾപ്പെടെ 5 നിലകൾ ഒന്നാംഘട്ടത്തിലും തുടർന്നുള്ള നിലകൾ രണ്ടാം ഘട്ടത്തിലുമാണ് സജ്ജമാക്കുന്നത്.
സൗകര്യങ്ങൾ ഇങ്ങനെ
തറനിരപ്പിന് താഴെ ബി1 ൽ പാർക്കിംഗ്, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ബി2 ൽ മോർച്ചറി, ഡ്രഗ് സ്റ്റോർ, ഇലക്ട്രിക്കൽ റൂം, തറനിരപ്പിൽ അത്യാഹിത വിഭാഗം, ഒന്നാം നിലയിൽ ഒ.പി. വിഭാഗം, ഫാർമസി, ലാബ്, രണ്ടാം നിലയിൽ എമർജൻസി ഓപ്പറേഷൻ തീയറ്ററോടുകൂടിയ ലേബർ റൂം, വാർഡ് എന്നിവയാണ് ആദ്യ ഘട്ടത്തിൽ നിർമ്മിക്കുന്നത്.
മൂന്നാമത്തെ നില മുതൽ ഒമ്പതാമത്തെ നില വരെയാണ് രണ്ടാം ഘട്ടത്തിൽ നിർമ്മിക്കുന്നത്. മൂന്നാം നിലയിൽ ഒഫ്താൽ ഓപ്പറേഷൻ തീയറ്റർ കോംപ്ലക്‌സ്, സി.എസ്.എസ്.ഡി., നാലാം നിലയിൽ ഒഫ്താൽ പോസ്റ്റ് ഒ.പി, മെഡിസിൻ ഐ.സി.യു, സർജറി ഐ.സി.യു., അഞ്ചാം നിലയിൽ പോസ്റ്റ് ഒ.പി. വാർഡ്, പോസ്റ്റ് നേറ്റൽ വാർഡ്, ആറാമത്തെ നിലയിൽ പീഡിയാട്രിക് വാർഡ്, ഐസൊലേഷൻ വാർഡ്, ഏഴാം നിലയിൽ പുരുഷൻമാരുടേയും സ്ത്രീകളുടേയും സർജിക്കൽ വാർഡ്, എട്ടാം നിലയിൽ പുരുഷൻമാരുടേയും സ്ത്രീകളുടേയും മെഡിക്കൽ വാർഡ്, ഒമ്പതാം നിലയിൽ ലോൻട്രി, സ്റ്റാഫ് സിക്ക് റൂം, ചേഞ്ചിംഗ് റൂം എന്നിവയാണ് സജ്ജമാക്കുന്നത്.
അത്യാധുനിക സംവിധാനങ്ങളോടെ എൻ.ക്യു.എ.എസ്. മാനദണ്ഡങ്ങളനുസരിച്ചാണ് ആശുപത്രി സൗകര്യങ്ങളൊരുക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ ഒരുവർഷത്തിനകം എൻ.എ.ബി.എച്ച്. അംഗീകാരവും എൻ.ക്യു.എ.എസ്. അംഗീകാരവും നേടിയെടുക്കാനാണ് ശ്രമിക്കുന്നത്. ഈ നിർമ്മാണം പൂർത്തിയാകുമ്പോൾ കൂത്തുപറമ്പ് താലൂക്കാശുപത്രിയുടെ മുഖഛായതന്നെ മാറുമെന്നും ഇതിലൂടെ ജനങ്ങൾക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭിക്കും- ആരോഗ്യമന്ത്രി കെ.കെ.ശൈലജ