കണ്ണൂർ: ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന പൊലീസിന്റെ താക്കീത് മറികടന്നും ഹർത്താലിൽ പ്രകടനവും ആക്രമണവും നടത്തിയ 65 പേർ കരുതൽ തടങ്കലിൽ. കാൽടെക്സിൽ വഴി തടഞ്ഞ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യാറാകത്തതിനെ തുടർന്ന് വനിതാ പൊലീസ് ഉൾപ്പെടെയെത്തി പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു.

സമരം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും എൻ.ആർ.സിക്കും പൗരത്വനിയമഭേദഗതിക്കുമെതിരെ മുദ്രാവാക്യം വിളിച്ച് റോഡിൽ കിടന്ന് പ്രതിഷേധിച്ച രണ്ട് വനിതാ പ്രവർത്തകരെയാണ് വനിതാപൊലീസ് ബലം പ്രയോഗിച്ച് നീക്കിയത്.

തലശ്ശേരി ദേശീയ പാതയിൽ സമരക്കാർ ലോറിയുടെ താക്കോൽ ഊരിയെടുത്ത് ഓടി. രാവിലെ പത്തോടെയാണ് സംഭവം. വളപട്ടണം പാലത്തിലും നാഷണൽ പെർമിറ്റ് ലോറി തടഞ്ഞ് താക്കോൽ ഊരിയെടുത്ത് പ്രതിഷേധക്കാർ കടന്നു. ഇതോടെ ലോറി പാലത്തിൽ തന്നെയായി.

മട്ടന്നൂർ കാരയിൽ എൻ.വി.പ്രജീഷിന്റെ ഓട്ടോറിക്ഷയ്ക്ക് പാലോട്ടുപള്ളിയിൽ എസ് .ഡി പി. ഐ പ്രവർത്തകർ കല്ലെറിഞ്ഞു.ഇതിന് പുറമെ ഇവിടെ രണ്ട് ഓട്ടോറിക്ഷകളുടെയും ഒരു കാറിന്റെയും ചില്ലുകൾ തകർത്തു.ഇരിട്ടി പുന്നാട്ട് ഹർത്താലനുകൂലികൾ ബൈക്ക് തടഞ്ഞ് ബി.ജെ.പി പ്രവർത്തകൻ സി.പി.ഷിനോജിനെ ആക്രമിച്ചതായി പരാതി. ഷിനോജിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ പാലോട്ട് പള്ളി മുരിങ്ങോടി എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ റോഡിൽ ടയർ കത്തിച്ചു.

തളിപ്പറമ്പിൽ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.കാമ്പസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി വടക്കാഞ്ചേരിയിലെ പാറക്കൽ അബൂബക്കർ, കരിമ്പത്തെ ഫിദാ മൻസിലിൽ എം.എസ്.ഷരീഫ് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ അബൂബക്കർ കഴിഞ്ഞ ദിവസം തളിപ്പറമ്പിൽ ബസ് ജീവനക്കാരെ അക്രമിച്ച കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.