മട്ടന്നൂർ: പാലോട്ടുപള്ളിയിൽ രണ്ട് ഓട്ടോറിക്ഷകൾക്കും ഒരു ലോറിക്കും കല്ലെറിഞ്ഞു. നരയമ്പാറയിൽ സ്‌കൂൾ ബസ് ഉൾപ്പടെ തടഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിന് നേരെ കല്ലും പെട്രോൾ നിറച്ച കുപ്പിയും എറിഞ്ഞു.ലോറിക്കും ബസുകൾക്കും ഇരുചക്രവാഹനങ്ങൾക്കും നേരെ അക്രമമുണ്ടായി.കാരയിലെ എൻ.വി.പ്രജീഷ്, തില്ലങ്കേരി പള്ള്യത്തെ രാജേഷ് എന്നിവരുടെ ഓട്ടോറിക്ഷകളുടെ ചില്ല് പാലോട്ടുപള്ളിയിൽ വെച്ച് എറിഞ്ഞു തകർത്തു.മുഖംമറച്ച് ബൈക്കിലെത്തിയവരാണ് അക്രമം നടത്തിയത്. മറുനാടൻ തൊഴിലാളികൾ സഞ്ചരിച്ച ബൈക്കിനു നേരെയും അക്രമമുണ്ടായി. ഇവരെ തടഞ്ഞു വെച്ച് മർദ്ദിക്കുകയും ബൈക്ക് കേട് വരുത്തുകയും ചെയ്തു. പാചകവാതകം കയറ്റിപ്പോകുന്ന ലോറിക്ക് നേരെയും കല്ലേറുണ്ടായി. ഉളിയിൽ കുന്നിൻകീഴിൽ ടാങ്കർലോറിയുടെ ചില്ല് എറിഞ്ഞുതകർത്തു. സമരാനുകൂലികൾ നരയമ്പാറയിൽ സ്‌കൂൾ ബസും മറ്റു വാഹനങ്ങളും തടഞ്ഞു. കീച്ചേരി, 19ാംമൈൽ എന്നിവിടങ്ങളിലും രാവിലെ വാഹനങ്ങൾ തടഞ്ഞു. പാലോട്ടുപള്ളിക്ക് സമീപം ടയറും മറ്റും കത്തിച്ച് റോഡിലിട്ടു. പൊലീസ് എത്തിയാണ് ഇവ നീക്കം ചെയ്തത്.