തലശ്ശേരി: നഗരത്തിൽ കടകൾ അടഞ്ഞ് കിടന്നെങ്കിലും ഗ്രാമീണ മേഖലയിൽ കടകൾ തുറന്ന് പ്രവർത്തിച്ചു. ഏതാനും ചില ബസുകൾ സർവീസ് നടത്തി.നഗരത്തിൽ ഹർത്താലിന്റെ പ്രതീതി നിലനിന്നപ്പോൾ, ഉൾപ്രദേശങ്ങളിൽ ഹർത്താൽ ഏശിയില്ല.
പുതിയ ബസ്സ്റ്റാൻഡിൽ സ്വകാര്യ ബസ് തടയാൻ ശ്രമിച്ച രണ്ട് സോളിഡാരിറ്റി പ്രവർത്തകരെ തലശ്ശേരി സി.ഐ കെ.സനൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു. മുദ്രാവാക്യം മുഴക്കി ബസ് സ്റ്റാൻഡിലെത്തിയവർ ട്രാക്കിൽ നിറുത്തിയിട്ട പാനൂർ ഭാഗത്തേക്കുള്ള സ്വകാര്യ ബസ് തടയാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്.രാവിലെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ കടകൾ അടപ്പിക്കാനും വാഹനം തടയുവാനും ശ്രമിച്ച പത്ത് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തലശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മുൻ കരുതലായി പത്തോളം പേർ കസ്റ്റഡിയിലുണ്ട്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ടെമ്പിൾ വാർഡിൽ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.പോളിംഗ് സമാധാനപരമായി നടന്നു. നഗര പ്രാന്തപ്രദേശങ്ങളായ കതിരൂർ, എരഞ്ഞോളി, ധർമ്മടം മാടപ്പീടിക, ചൊക്ലി ,മാഹി തുടങ്ങിയ സ്ഥലങ്ങളിൽ കടകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. സൈദാർ പള്ളി ജെ. ടി റോഡിലെ സെയ്‌നിൽ വി.കെ. വി മുനീർ, ഗാർഡൻസ് റോഡിലെ സെയ്‌നിൽ കെ. കെ ഷാ നവാസ്, കാരുണ്യയിൽ ജവാദ് അമീർ ,പിലാക്കൂൽ എടക്കണ്ടി വളപ്പിൽ മജ്‌നാസിൽ ടി. പി. മൻസൂർ, ഖദീജക്വാർട്ടേർസിൽ കെ. കെ. ഫൈസൽ,ടെമ്പിൾ ഗേറ്റ് റഷ്ബിനയിൽ വി.പി സിദ്ദീഖ് വയനാട് വള്ളിക്കുന്നിലെ തേലതോടത്ത് ടി. കെ. ഇബ്രാഹിം എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
പൗരത്വ ഭേദഗതി ബില്ലിനെതിരെ എ ഐ വൈ എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റി തലശ്ശേരി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി കെ വി രജീഷ് ഉദ്ഘാടനം ചെയ്തു.
തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ എൻ. ഇ ബൽറാം മന്ദിരത്തിന് സമീപത്ത് നിന്ന് ആരംഭിച്ച മാർച്ച് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പൊലീസ് തടഞ്ഞു.കെ വി പ്രശോഭ് അദ്ധ്യക്ഷത വഹിച്ചു. പി അനിൽകുമാർ, സി എൻ പ്രഫുൽ, കെ ദിപിൻ, കെ സമിത്ത്, തുടങ്ങിയവർ മാർച്ചിന് നേതൃത്യം നൽകി.