കണ്ണൂർ: ജില്ലയിൽ മൂന്നിടത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ എൽ. ഡി. എഫ് രണ്ടിടത്തും യു..ഡി..എഫ് ഒരിടത്തും വിജയിച്ചു. കണ്ണൂർ കോർപറേഷനിലെ എടക്കാട് ഡിവിഷനിലും രാമന്തളി പഞ്ചായത്തിലെ ഏഴിമല വാർഡിലുമാണ് എൽ. ഡി. എഫ് വിജയിച്ചത്.. തലശേരി നഗരസഭയിലെ ടെമ്പിൾ ഗേറ്റ് വാർഡിൽ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു.
കണ്ണൂർ കോർപറേഷനിൽ എൽ.ഡി.എഫ്
കണ്ണൂർ കോർപറേഷൻ ഉപതിരഞ്ഞെടുപ്പിൽ എൽ. ഡി. എഫ് സീറ്റ് നിലനിറുത്തി. മുപ്പത്തിമൂന്നാം വാർഡായ എടക്കാട് ഡിവിഷനിൽ എൽ. ഡി. എഫിലെ സി..പി..എം സ്ഥാനാർത്ഥി ടി. പ്രശാന്ത് 256 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. . പ്രശാന്തിന് 1276 വോട്ടുകൾ ലഭിച്ചു. യു..ഡി..എഫ് സ്ഥാനാർത്ഥിയായ കോൺഗ്രസിലെ ഷിജു സതീശന് 1020 വോട്ടുകളാണ് ലഭിച്ചത്. ബി. ജെ.പി സ്ഥാനാർത്ഥി അരുൺ ശ്രീധരന് 145 വോട്ടുകൾ ലഭിച്ചു. കഴിഞ്ഞതവണ എൽ. ഡി. എഫ് സ്ഥാനാർത്ഥി കുട്ടികൃഷ്ണന് 93 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇത്തവണ എൽ. ഡി. എഫിന് ഭൂരിപക്ഷം വർദ്ധിച്ചു. ബി.ജെ.പിക്ക് കഴിഞ്ഞതവണ 217 വോട്ട് ലഭിച്ചെങ്കിലും ഇത്തവണ വോട്ട് കുറഞ്ഞു. എടക്കാട് ഡിവിഷൻ കൗൺസിലറായിരുന്ന ടി.എം. കുട്ടികൃഷ്ണന്റെ മരണത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.
തലശേരിയിൽ യു. ഡി. എഫിന് അട്ടിമറി ജയം
തലശേരി: തലശേരി നഗരസഭ ടെമ്പിൾ വാർഡ് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് സ്ഥാനാർത്ഥിയായ മുസ്ലിംലീഗിലെ എ.കെ. സക്കറിയ 63 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബി.ജെ.പി സ്ഥാനാർത്ഥി അജേഷിനെയാണ് സക്കറിയ പരാജയപ്പെടുത്തിയത്. ഇവിടെഎൽ. ഡി. എഫിലെ ഐ..എൻ.. എൽ സ്ഥാനാർത്ഥി കെ.വി. അഹമ്മദ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സ്വതന്ത്ര സ്ഥാനാർത്ഥിയായ മുസ്ലിംലീഗ് വിമതന് 30 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. ബി.ജെ.പി അംഗം ഇ.കെ. ഗോപിനാഥന്റെ മരണത്തെ തുടർന്നാണ് ടെമ്പിൾ വാർഡ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. യു.ഡി.എഫിലെ എ.കെ. സക്കറിയ 663 വോട്ടുകൾ നേടിയപ്പോൾ ബി..ജെ..പി സ്ഥാനാർത്ഥി കെ. അജേഷ് 600 വോട്ടുകൾ നേടി. എൽ. ഡി. എഫ് സ്ഥാനാർത്ഥി കെ.വി. അഹമ്മദിന് 187 വോട്ടുകളാണ് ലഭിച്ചത്.
രാമന്തളിയിൽ എൽ.ഡി. എഫ്
പയ്യന്നൂർ:രാമന്തളിയിലെ ഉപതിരഞ്ഞെടുപ്പിൽ എൽ. ഡി. എഫ് സ്ഥാനാർത്ഥി വി.പ്രമോദ് വിജയിച്ചു.ഇതോടെ രാമന്തളി പഞ്ചായത്ത് ഭരണം എൽ. ഡി. എഫ് നില നിറുത്തി. 1044 വോട്ടർമാരുള്ള ഏഴിമലയുൾപ്പെടുന്ന ഏഴാംവാർഡ് ഉപതിരഞ്ഞെടുപ്പിൽ 814 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. എൽ. ഡി. എഫ് സ്ഥാനാർഥിയായ സി.പി.എമ്മിലെ വി.പ്രമോദ് 176 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യു.ഡി.എഫിലെ വി.വി.ഉണ്ണികൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. എൽ. ഡി. എഫിന് 495 വോട്ടും യു.ഡി.എഫിന് 319 വോട്ടുമാണ് ലഭിച്ചത്. 15 വാർഡുകളുള്ള രാമന്തളിയിൽ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിനാണ് എൽ. ഡി. എഫിന് ഭരണം ലഭിച്ചിരുന്നത്. എൽ. ഡി. എഫിലെ പരത്തി ദാമോദരന്റെ മരണത്തോടെയാണ് ഉപതിരഞ്ഞെടുപ്പ് . ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥിയില്ലാത്തതിനാൽ എൽ. ഡി. എഫും യു..ഡി..എഫും നേരിട്ടുള്ള മത്സരമായിരുന്നു.