കണ്ണൂർ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ചില മതമൗലികവാദികളും തീവ്ര സംഘടനകളും നടത്തിയ ഹർത്താൽ ഫലത്തിൽ ആർ.എസ്.എസിനെ സഹായിക്കുന്നതാണെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു പറഞ്ഞു. ഒറ്റക്കെട്ടായി ബി.ജെ.പി സർക്കാരിനെതിരെ നടത്തുന്ന സമരത്തെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ് ചിലയിടങ്ങളിൽ നടക്കുന്നത്. വരാൻ പോകുന്നത് രൂക്ഷ സമരമെന്നും ഇന്നു ഡൽഹിയിലടക്കം നടക്കുന്ന വിദ്യാർത്ഥികളുടെ സമരം ഇതിന്റെ മുന്നോടിയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

22ന് മുൻപ് പൗരത്വ നിയമ ഭേദഗതിക്കെതിരെ എസ്.എഫ്.ഐ സുപ്രിം കോടതിയിൽ റിട്ട് നൽകും. പരീക്ഷാ ഫീസ് വർദ്ധനയിൽ അടക്കം പ്രതിഷേധിച്ച് ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ സമരം നടക്കുമ്പോൾ വാട്‌സാപ്പിൽ പരീക്ഷ എഴുതാം എന്നാണ് വൈസ് ചാൻസലർ പറയുന്നത്. വാർത്താസമ്മേളനത്തിൽ സെക്രട്ടറി ഷിബിൻ കാനായി, എ.പി അൻവീർ, സി.പി ഷിജു എന്നിവരും പങ്കെടുത്തു.

സ്റ്റുഡൻസ് ഡിഫൻസ് മാർച്ച് ഇന്ന്

കണ്ണൂർ: പൗരത്വ നിയമ ഭേദഗതിക്കെതിരെയും ഇന്ത്യയിലെ വിവിധ കാമ്പസുകളിൽ വിദ്യാർത്ഥികൾക്കു നേരെയുണ്ടായ പൊലിസിന്റെ അതിക്രമത്തിനെതിരെയും പത്തായിരം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഇന്ന് സ്റ്റുഡൻസ് ഡിഫൻസ് മാർച്ച് സംഘടിപ്പിക്കും. രാവിലെ 11ന് സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നിന്നു ആരംഭിക്കുന്ന മാർച്ച് റയിൽവേ സ്റ്റേഷനിൽ സമാപിക്കും.സി.പി.എം പി.ബി അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്യും.