കാഞ്ഞങ്ങാട്: ഏഴു നൂറ്റാണ്ടിനിപ്പുറം കല്ല്യോട്ട് ശ്രീ ഭഗവതിക്ഷേത്ര കഴകത്തിൽ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന് ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിലറിയിച്ചു. ഉത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10 ന് മാദ്ധ്യമ സെമിനാർ ഡോ.സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും.നാളെ രാവിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കലവറ ഘോഷയാത്ര. പ്രവാസി കലവറ ഘോഷയാത്രയും ദക്ഷിണ കന്നടസംഘം കലവറ ഘോഷയാത്രയും 25 നാണ്. അഞ്ചുലക്ഷത്തിൽപരം പേർ ഉത്സവം കാണാനെത്തുമെന്ന് കരുതുന്നു. ഒരേ സമയം എണ്ണായിരം പേർക്ക് ഭക്ഷണം കഴിക്കാവുന്ന അന്നദാന നഗരിയും ഒരുങ്ങി.

23 ന് രാവിലെ 5.45 ന് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രസന്നിധിയിൽ നിന്ന് ദീപവും തിരിയും എഴുന്നള്ളത്ത്. ഇരവിൽ ഐ കെ കേശവതന്ത്രി കൊടിയേറ്റു നടത്തും.ദൈവക്കോലങ്ങൾ കെട്ടിയാടുന്നതിന് പ്രത്യേകം ക്ഷേത്രം കെട്ടിയൊരുക്കിയിട്ടുണ്ട്. 23 മുതൽ 29 വരെ രാവിലെ മുതൽ രാത്രി 12 മണി വരെ കാഞ്ഞങ്ങാടു നിന്ന് ഉത്സവ നഗരിയിലേക്ക് ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ചെയർമാൻ വയലപ്രം നാരായണൻ, വർക്കിംഗ് ചെയർമാൻ രാജൻ പെരിയ, സത്യനാരായണൻ, കുഞ്ഞമ്പു ജ്യോത്സ്യർ, എംകെ സുനന്ദൻ ,രാമചന്ദ്രൻ ജ്യോത്സ്യർ ,ബാലകൃഷ്ണൻനായർ വേങ്ങയിൽ ,വാസന്തി ടീച്ചർ, ലക്ഷ്മി സോമൻ എന്നിവർ പങ്കെടുത്തു.