കാസർകോട്: ഹർത്താൽ അനുകൂലികൾ നടത്തിയ പ്രകടനത്തിനിടെ പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പത്തുപേർക്കെതിരെ കേസെടുത്തു. കാസർകോട് സി ഐ സി എ അബ്ദുൽറഹീം, ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരൻ പ്രേംചന്ദ് എന്നിവർ അടക്കമുള്ളവരെ ആക്രമിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തതിനാണ് പത്ത് പേർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തത്. സംഭവത്തിൽ എരിയാലിലെ അബ്ദുൽറിയാസി(35)നെ അറസ്റ്റ് ചെയ്തു. റിയാസിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പൊലീസിന്റെ അനുമതിയില്ലാതെ നഗരത്തിൽ പ്രകടനം നടത്തിയതിനും റോഡ് തടസപ്പെടുത്തിയതിനും കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം കാസർകോട് പഴയ പ്രസ്‌ക്ലബ്ബ് ജംഗ്ഷന് സമീപം പോകുന്നതിനിടെ പൊലീസ് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൈയേറ്റ ശ്രമം ഉണ്ടായത്.
കെ. എസ്. ആർ. ടി. സി. ബസിന് കല്ലേറ്:
എസ്. ഡി. പി. ഐ. പ്രവർത്തകൻ അറസ്റ്റിൽ
കാസർകോട്; ചെർക്കള അഞ്ചാംമൈലിൽ കെ. എസ്. ആർ .ടി .സി .ബസിന് കല്ലെറിഞ്ഞ കേസിൽ പ്രതിയായ എസ് ഡി പി ഐ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലംപാടി സുബ്ബതൊട്ടിയിലെ ഇബ്രാഹിം ബാദുഷ (21) യെയാണ് വിദ്യാനഗർഎസ് ഐ യു. വിപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കല്ലേറിൽ ബസിന്റെ ഗ്ലാസ് പൂർണമായും തകർന്നിരുന്നു. പൊട്ടിയ ഗ്ലാസ് കണ്ണിൽ പതിച്ച് ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. കാസർകോട്ടു നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ഹർത്താൽ ദിനത്തിൽ കല്ലേറുണ്ടായത്. ഡ്രൈവർ കണ്ണൂർ ചൊക്ലിയിലെ ബാബുരാജി(45)നാണ് പരിക്കേറ്റത്.പരുക്കേൽക്കുമായിരുന്നു. ബാദുഷയെ റിമാൻഡ് ചെയ്തു.