police

കാഞ്ഞങ്ങാട്: മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ഹൊസ്ദുർഗ് താലൂക്ക് കേന്ദ്രീകരിച്ച് ഇന്നലെ നടത്തിയ വാഹന പരിശോധനയിൽ ഇരുനൂറിലേറെ പേർ കുടുങ്ങി. പതിവിൽ നിന്നു വ്യത്യസ്തമായി മാദ്ധ്യമങ്ങൾ വഴി മുൻകൂട്ടി പ്രചരിപ്പിച്ചിട്ടാണ് പരിശോധന നടന്നത്. ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദ്ദേശപ്രകാരം ആർ.ടി.ഒ എസ് മനോജ്, എൻഫോർസ്‌മെൻറ് ആർ.ടി.ഒ ഇ.മോഹൻദാസ് എന്നിവരുടെ മേൽനോട്ടത്തിൽ ജില്ലയിലെ മുഴുവൻ എൻഫോർസ്‌മെന്റ് ഉദ്യോഗസ്ഥരും രാവിലെ മുതൽ നടന്ന പരിശോധനയിൽ പങ്കെടുത്തു.. നാല് സ്‌ക്വാഡുകളായി തിരിഞ്ഞ് താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഹെൽമെറ്റ് ധരിക്കാത്ത 60 ഡ്രൈവർമാരും 15 യാത്രക്കാരും, സീറ്റ് ബെൽട്ട് ധരിക്കാത്ത 25 പേരും ലൈസൻസില്ലാത്ത 10 പേരും, കൂളിംഗ് ഫിലിംപതിച്ച് 27 പേരും ടാക്‌സ് അടക്കാത്ത വാഹനമോടിച്ച 5 പേരും രൂപമാറ്റം വരുത്തിയ സൈലൻസർ പിടിപ്പിച്ച 3 പേരും മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിച്ച 3 പേരും കുടുങ്ങി. ആകെ 203 നിയമ ലംഘനങ്ങളിൽ നിന്നായി 215800 രൂപ പിഴ ഈടാക്കി.തുടർന്നും ഇത്തരം പരിശോധനകൾ തുടരുമെന്ന് ആർ.ടി.ഒ അറിയിച്ചു.