കാസർകോട്: ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് വീട്ടമ്മമാരുടെ സ്വർണ്ണമാലകൾ കവർന്ന കേസിൽ പൊലീസ് കർണ്ണാടകയിലെ ജ്വല്ലറിയിൽ തെളിവെടുപ്പ് നടത്തി.റിമാൻഡിലുള്ള രണ്ട് പ്രതികളെ കോടതി പൊലീസ് ഇന്നലെ കസ്റ്റഡിയിൽ വിട്ടുകൊടുത്തിരുന്നു. സുള്ള്യ ഗാന്ധിനഗർ സ്വദേശിയും നെല്ലിക്കട്ടക്കടുത്ത് താമസക്കാരനുമായ ജി.ബഷീർ (39), ബെള്ളൂർ പള്ളപ്പാടി പൊടിക്കളം സ്വദേശിയും നെല്ലിക്കട്ടയിൽ താമസക്കാരനുമായ ടി.എം അബ്ദുൾ ഖാദർ (41) എന്നിവരെയാണ് കാസർകോട് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ബദിയടുക്ക പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടുകൊടുത്തത്.

കുബഡാജെ പാവൂരിലെ ഭാഗിയുടെ സ്വർണ്ണമാലയും നെക്രാജെ ആലംകോട്ടെ ഗീതാമണിയുടെ മാലയും കവർന്ന കേസിൽ ചോദ്യം ചെയ്യാനാണ് ഇരുവരെയും കസ്റ്റഡിയിൽ വാങ്ങിയത്. ഭാഗി വീടിന് സമീപത്തെ ഷെഡിൽ നിൽക്കുമ്പോൾ സ്‌കൂട്ടറിൽ വെള്ളം ചോദിച്ചെത്തിയ ബഷീർ സ്വർണ്ണമാല തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. ഗീതാമണിയുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്റെ സ്വർണ്ണമാല തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ പകുതി ഭാഗം മാത്രമാണ് ബഷീറിന് ലഭിച്ചത്.

ഭാഗിയുടെയും ഗീതാമണിയുടെയും സ്വർണ്ണമാലകൾ വിൽപ്പന നടത്തിയത് കർണ്ണാടക കടബയിലെ ജ്വല്ലറിയിലാണെന്ന് പ്രതികൾ സമ്മതിച്ചതോടെ ഇരുവരെയും കൊണ്ട് പൊലീസ് കടബയിൽ പോയി തൊണ്ടി മുതലുകൾ കണ്ടെടുത്തു. ബദിയടുക്ക എസ്.ഐ അനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സതീശൻ,സദീപ് എന്നിവരാണ് തെളിവെടുപ്പിന് പോയത്.