ദേളി (കാസർകോട്): പുതിയ രാഷ്ട്രീയ കാലാവസ്ഥയിൽ എല്ലാ മാധ്യമങ്ങളും ഭയത്തിൽ കഴിയുകയാണെന്ന് പ്രശസ്ത പത്രപ്രവർത്തകനും, രാഷ്ട്രീയ നിരീക്ഷകനുമായ ഡോ.സെബാസ്റ്റ്യൻ പോൾ. ജാമിയ സ ആദിയ്യ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് കാസർകോട് പ്രസ് ക്ലബുമായി ചേർന്ന് നടത്തിയ മീഡിയ സെമിനാർ ദേളി സ ആദിയ സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ സ്വതന്ത്രമായതിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ , 1952 ൽ പ്രതിപക്ഷം എന്ന രീതിയിൽ ഒരു ചെറിയഗ്രൂപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ .ഇന്നും പ്രതിപക്ഷം ചെറിയ ഗ്രൂപ്പാണ്. എന്നാൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, പ്രതിപക്ഷ നേതാവിന്റെ എല്ലാ അധികാരങ്ങളും അന്ന് എ. കെ. ജിക്ക് നൽകി. മാത്രവുമല്ല അന്ന് ശക്തമായ നിലപാടുകളുള്ള അച്ചടി മാധ്യമങ്ങളും പത്രാധിപന്മാരും ഉണ്ടായിരുന്നു. എന്നാലിന്ന് ഒരു പത്രത്തിന്റെ പത്രാധിപന്മാർ ആരെന്ന് പോലും അറിയാത്ത അവസ്ഥയാണുള്ളത്. പഴയ പത്രാധിപന്മാർ ജനങ്ങളുടെ മനസറിഞ്ഞ് അവരുടെ ഇഷ്ടങ്ങൾ ശക്തമായ നിലപാടുകളായി അവതരിപ്പിച്ചപ്പോൾ ഇന്ന് പത്രങ്ങൾക്ക് നിലപാടുകളേയില്ല. അടിയന്തരാവസ്ഥക്ക് തുല്യമായ കാലഘട്ടത്തിലൂടെയാണ് ഇന്ന് മാധ്യമലോകം കടന്ന് പോയിക്കൊ ണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൾ അദ്ധ്യക്ഷത വഹിച്ചു. സിറാജ് കോഴിക്കോട് ന്യൂസ് എഡിറ്റർ മുസ്തഫ പി അറയ്ക്കൽ, അബ്ദുൾ റഷീദ് മാണിയൂർ, കാസർകോട് പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം, സെക്രട്ടറി കെ.വി പത്മേഷ്, സാഹിത്യവേദി പ്രസഡന്റ് അഷ്‌റഫ് അലി ചേരങ്കൈ, ,സാഹിത്യ അക്കാദമി അംഗം വി.വി. പ്രഭാകരൻ, പള്ളങ്കോട് അബ്ദുൾ ഖാദിർ മദനി, കെ എം മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.സി എൽ ഹമീദ് സ്വാഗതവും, മുജീബ് കളനാട് നന്ദിയും പറഞ്ഞു.