കണ്ണൂർ:തദ്ദേശ സ്വയംഭരണ വകുപ്പ് സംസ്ഥാന കുടുംബശ്രീ മിഷൻ മുഖേന നടത്തി വരുന്ന ദേശീയ സരസ് മേള ഇത്തവണ കണ്ണൂരിൽ നടക്കും. 20 മുതൽ 31 വരെ ധർമ്മശാലയിലെ ഗവ.എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ടിലാണ് മേള സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി ചെയർമാൻ അഡ്വ.ജെയിംസ് മാത്യു എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മേളയുടെ ഉദ്ഘാടനം 20 ന് വൈകീട്ട് നാലിന് മന്ത്രി എ.സി.മൊയ്തീൻ നിർവഹിക്കും..ജെയിംസ് മാത്യു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.കെ.സുധാകരൻ എം.പി,കെ.കെ.രാഗേഷ് എം.പി എന്നിവർ പങ്കെടുക്കും. സെമിനാറുകൾ,കലാസന്ധ്യകൾ,സാംസ്‌കാരിക സമ്മേളനങ്ങൾ,മെഗാഷോകൾ എന്നിവയും മേളയോടനുബന്ധിച്ച് നടക്കും.
ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നു മായ് ചെറുകിട സൂക്ഷമ സംരഭകരും കരകൗശല വിദഗ്ധരും അവരുടെ വൈവിധ്യമാർന്ന ഉത്പന്നങ്ങളുമായാണ് മേളയിൽ എത്തിച്ചേരുക. 250 സ്റ്റാളുകളാണ് മേളയിലൊരുക്കിയിരിക്കുന്നത്. 12 ദിവസത്തെ മേളയിൽ ചുരുങ്ങിയത് 5 ലക്ഷം പേർ പങ്കെടുക്കും .എട്ട് മുതൽ പത്ത് ലക്ഷം രൂപ വരെയാണ് മേളയുടെ വിറ്റുവരവായി പ്രതീക്ഷിക്കുന്നത്.
പ്രവേശനം സൗജന്യമാണ്.വാർത്താ സമ്മേളനത്തിൽ കുടംബശ്രീ ജില്ലാ മിഷൻ കോ-ഒാർഡിനേറ്റർ ഡോ.എം.സുർജിത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ,ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി.കെ.ശ്യാമള,ഷിബിൻ കാനായി എന്നിവർ
പങ്കെടുത്തു.