കാഞ്ഞങ്ങാട്: നിർമ്മാണം പൂർത്തിയായ കെ.എസ്.ടി.പി റോഡിൽ ബസ് കാത്തിരിപ്പു കേന്ദ്രം പണിയുമെന്ന കരാറുകാരുടെ വാഗ്ദാനം പാഴായി. റോഡ് നിർമ്മാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും കാഞ്ഞങ്ങാട്ട് ജനങ്ങളുടെ ബസിനായുള്ള കാത്തിരിപ്പ് പൊരിവെയിലിൽതന്നെ.
കോട്ടച്ചേരിയിൽ റോഡിനു പടിഞ്ഞാറു ഭാഗത്താണ് യാത്രക്കാർ വെയിലിൽ നിന്നു പൊരിയുന്നത്. ചന്ദ്രഗിരി റൂട്ടിലും ദേശീയ പാത വഴിയും പോകുന്ന ബസ്സുകൾ ഈ ഭാഗത്താണ് നിർത്തിയിടുന്നത്. റോഡ് പണി പൂർത്തിയായാൽ ഇവിടെ പത്തോളം ബസ് ഷെൽട്ടറുകൾ സ്ഥാപിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അതൊക്കെ പാഴ്‌വാക്കായി.
കോട്ടച്ചേരിയിൽ സ്വകാര്യ സ്ഥാപനത്തിന്റെ വകയായി ബസ് ഷെൽട്ടർ ഉണ്ടായിരുന്നുവെങ്കിലും റോഡ് പണി തുടങ്ങിയതോടെ അത് പൊളിച്ചു മാറ്റിയിരുന്നു. ഭരണ സിരാകേന്ദ്രമായ ഹൊസ്ദുർഗിൽ ഒരു സ്വകാര്യ സ്ഥാപനം വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച ഷെൽട്ടർ ഉണ്ടെങ്കിലും അത് ഏതുനിമിഷവും തകർന്നുവീഴുമെന്ന സ്ഥിതിയാണ്.
നഗരസഭ പദ്ധതി പാതിവഴിയിൽ
കോട്ടച്ചേരി ഭാഗത്തേക്ക് വരേണ്ടവർക്ക് റോഡരികിൽ ബസ് കാത്തു നിൽക്കാതെ നിവൃത്തിയില്ല. ഇവിടെ ബസ് കാത്തിരിപ്പുകേന്ദ്രം പണിയുന്നതുമായി ബന്ധപ്പെട്ട് നഗരസഭ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും പുതിയകോട്ടയിലെ പച്ചക്കറിസ്റ്റാൾ മാറ്റാൻ കഴിയാത്തത് വിലങ്ങു തടിയായി. കോട്ടച്ചേരിയിൽ രാവിലെയും വൈകിട്ടുമാണ് ഏറെ തിരക്കനുഭവപ്പെടുന്നത്. വിദ്യാർത്ഥികൾ ഉൾപ്പെടെ നടപ്പാതയിൽ കയറി നിൽക്കുമ്പോൾ കാൽനടയാത്രക്കാരും ബുദ്ധിമുട്ടുകയാണ്. കെ.എസ്.ടി.പി തന്നെ ബസ് കാത്തിരിപ്പു കേന്ദ്രം പണിയുമെന്ന പ്രതീക്ഷയിലാണ് നഗരസഭ.
തത്കാലം എളുപ്പം പൊളിച്ചുമാറ്റാൻ കഴിയുന്ന ഷെൽട്ടറുകളെങ്കിലും പണിത് തങ്ങളെ വെയിലിൽ നിന്നും മഴയിൽ നിന്നും രക്ഷിക്കണം
ബസ് യാത്രക്കാർ