കണ്ണൂർ: പിലാത്തറ- പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി നിരീക്ഷണ ക്യാമറ സ്ഥാപിക്കൽ പ്രവൃത്തിക്ക് തുടക്കമായി. പദ്ധതി നടപ്പിലാക്കുന്ന കംപ്യൂട്ടർ കെയർ ഏജൻസി പ്രതിനിധികളായ സി.എം. സത്യജിത്ത്, എം. അജിത്ത് എന്നിവർക്ക് വർക്ക് ഓർഡർ കൈമാറി ടി.വി രാജേഷ് എം.എൽ.എ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു.

അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിലാണ് പ്രദേശത്തെ അപകട രഹിതമേഖലയാക്കുക എന്ന ലക്ഷ്യത്തോടെ അപകടരഹിത ഇടനാഴി പദ്ധതി നടപ്പിലാക്കുന്നത്.

നിരീക്ഷണ കാമറകൾ 30

പദ്ധതിയുടെ ഭാഗമായി 21 കിലോമീറ്റർ വരുന്ന കെ.എസ്.ടി.പി റോഡിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ്, വേഗത എന്നിവ പകർത്തുന്ന ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ (എ.എൻ.പി.ആർ) കാമറകൾക്കു പുറമെ 30ലേറെ സ്ഥലങ്ങളിൽ നിരീക്ഷണ കാമറകളും സ്ഥാപിക്കുന്നുണ്ട്.

കാമറക്കണ്ണുകൾ ഇവിടെ

പിലാത്തറ ജംഗ്ഷൻ, പഴയങ്ങാടി പാലം, കണ്ണപുരം പൊലിസ് സ്റ്റേഷൻ, പാപ്പിനിശ്ശേരി ജംഗ്ഷൻ, പുന്നച്ചേരി, ഹനുമാരമ്പലം ജംഗ്ഷൻ, എരിപുരം പൊലിസ് സ്റ്റേഷൻ, യോഗശാല റോഡ്, പുതിയകാവ് എന്നിവിടങ്ങളിലാണ് എ.എൻ.പി.ആർ കാമറകൾ സ്ഥാപിക്കുക. മറ്റിടങ്ങളിൽ റോഡിന്റെ എല്ലാ വശങ്ങളും പരിസരങ്ങളും പകർത്താൻ ശേഷിയുള്ള 26 പാൻ ടിൽറ്റ്‌ സൂം (പി.ടി.എസ്) കാമറകളും നാല് ബുള്ളറ്റ് കാമറകളും സ്ഥാപിക്കും.

സെൻട്രൽ മോണിറ്ററിംഗ്

കണ്ണപുരം സ്റ്റേഷനിൽ

കാമറകളിലെ ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനും നിയമലംഘകരെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനുമായി കണ്ണപുരം പൊലിസ് സ്റ്റേഷനിൽ സെൻട്രൽ മോണിറ്ററിംഗ് സംവിധാനം ഒരുക്കും.

സമഗ്രറോഡ് സുരക്ഷാ പദ്ധതിക്ക് 1.84 കോടി