കാഞ്ഞങ്ങാട്: മതത്തിന്റെ പേരിലുള്ള പൗരത്വനിർണയം ന്യൂനപക്ഷ മതവിഭാഗങ്ങളിൽ അരക്ഷിതാവസ്ഥ വളർത്താനേ ഉപകരിക്കൂവെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി പറഞ്ഞു. എൽ.ഡി.എഫ് ജില്ലാകമ്മിറ്റി കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച പൗരത്വ ബില്ലിനെതിരായ മാർച്ചും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിഭജനകാലത്തും അതിനുശേഷവും ഇന്ത്യയുടെ ഭാഗമായി നിന്നവരാണ് ഇന്ത്യയിലെ ന്യൂനപക്ഷ ജനവിഭാഗങ്ങൾ. അവരെ മാറ്റിനിർത്തിക്കൊണ്ട് ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പുതിയകോട്ടയിൽനിന്നാരംഭിച്ച മാർച്ച് നോർത്ത്‌ കോട്ടച്ചേരിയിൽ സമാപിച്ചു. പൊതുയോഗത്തിൽ ജനതാദൾ ജില്ലാപ്രസിഡന്റ് എ.വി രാമകൃഷ്ണൻ അധ്യക്ഷനായി. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത്, കെ. കുഞ്ഞികൃഷ്ണൻ, എം. അനന്തൻ നമ്പ്യാർ, എം.എ ലത്തീഫ്, എ. കുഞ്ഞിരാമൻ നായർ, ജോൺ ഐമൺ, സി. രാമചന്ദ്രൻ നായർ, എം. രാജഗോപാലൻ എം.എൽ.എ, പി. ജനാർദനൻ, കെ. കുഞ്ഞിരാമൻ എം.എൽ.എ എന്നിവർ സംസാരിച്ചു. കെ.പി സതീഷ്ചന്ദ്രൻ സ്വാഗതം പറഞ്ഞു.