മാഹി: ഒരു കാലത്ത് രാജ്യത്തിന് തന്നെ മാതൃകയായിരുന്ന മാഹിയിലെ റേഷൻ കടകൾ പൂർണ്ണമായും അടച്ചു പൂട്ടുന്നു. ഈ മാസം അവസാനത്തോടെ പതിനാല് ഡിപ്പോകളിൽ ഒടുവിലത്തേതിന്റെയും താഴ് വീഴും. മാഹിയിൽ റേഷൻ വിതരണച്ചുമതലയുള്ള മയ്യഴിയിലെ പ്രഥമ സഹകരണ സ്ഥാപനം ഇല്ലാതാവുന്നതിന്റെ ഭാഗമായാണ് റേഷൻ കടകൾ അടച്ചുപൂട്ടുന്നത്. അധികൃതരുടെ തുടർച്ചയായ അവഗണനയും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്കുള്ള വീഴ്ചയുമാണ് സ്ഥാപനത്തെ എന്നത്തേക്കുമായി ഇല്ലാതാക്കുന്ന അവസ്ഥയിലേക്കെത്തിച്ചത്.14 റേഷൻ ഡിപ്പോകളും അടച്ച് പൂട്ടി താക്കോലുകൾ ഉടമകളെ ഏൽപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള മാഹി എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റി പുതുവർഷത്തോടെ തീർത്തും ഓർമ്മയാകും.
അറുപതോളം ജീവനക്കാരുണ്ടായിരുന്ന ഇവിടെ ഇപ്പോൾ 24 പേരേയുള്ളൂ. ശമ്പളം നൽകിയിട്ട് 22 മാസമായി. സഹകരണ വകുപ്പ് അസി. രജിസ്ട്രാറുടെ നിർദ്ദേശ പ്രകാരമാണ് കടകൾ ഉടമകൾക്ക് തിരിച്ചേൽപ്പിക്കേണ്ടി വന്നത്. മൂന്നര പതിറ്റാണ്ട് ജോലി ചെയ്തവർ വെറും കൈയോടെ പടിയിറങ്ങി.
ഫ്രഞ്ച് ഭരണകാലത്ത് തന്നെ സ്റ്റാറ്റ്യൂട്ടറി മാഹിയിൽ റേഷൻ സംവിധാനമുണ്ടായിരുന്നു. 1956 ൽ രൂപീകരിച്ച സൊസൈറ്റിയുടെ കീഴിൽ 14 റേഷൻ കടകളും ടെക്സ്റ്റയിൽ കടകളും, ഹൗസ് ഹോൾഡ് ഷോറൂമുകളും, ലൂബ് ഓയിൽ ഷോപ്പുമെല്ലാമുണ്ടായിരുന്നു. സർക്കാർ ജീവനക്കാരുടെ ഈ സൊസൈറ്റിയിൽ തിരഞ്ഞെടുപ്പ് നടക്കാതായിട്ട് ദശകങ്ങളായി. ഉദ്യോഗസ്ഥ ഭരണം സ്ഥാപനത്തെ മരണത്തിലേയ്‌ക്ക് തള്ളിവിട്ടു. സാമൂഹ്യക്ഷേമ വകുപ്പ് ,വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവയ്ക്ക് സാധനങ്ങൾ വിതരണം ചെയ്തതിൽ സൊസൈറ്റിക്ക് ലക്ഷങ്ങൾ കിട്ടാനുമുണ്ട്.
കേരളത്തിലെ ജനങ്ങൾ പശപ്പച്ചരി തിന്നേണ്ടി വന്ന ഘട്ടത്തിൽ പോലും തമിഴ്‌നാട്ടിലെ കാരിക്കലിൽ നിന്ന് മാഹിയിൽ മുത്തു ചെമ്പ അരി കൊണ്ടു വന്നിരുന്നു. ന്യായവിലക്ക് യഥേഷ്ടം അരിയും, പഞ്ചസാരയും ,മണ്ണെണ്ണയും, ഗോതമ്പുമെല്ലാം റേഷൻ കടകൾ വഴി ലഭിച്ചിരുന്നു. അക്കാലത്ത് മാഹിയിൽ നിന്ന് കേരളത്തിലേക്ക് അരി കടത്തുമുണ്ടായിരുന്നു.സർക്കാർ ജീവനക്കാർക്ക് അരിയും പലവ്യഞ്ജനങ്ങളും റേഷൻ കടകളിലൂടെ ക്രെഡിറ്റ് സംവിധാനത്തിൽ വാങ്ങാനുള്ള സൗകര്യവും ഉണ്ടായിരുന്നു. സൊസൈറ്റി അടച്ചുപൂട്ടുന്നതോടെ മാഹിക്കാർക്ക് പൊതു വിപണിയെ ആശ്രയിക്കേണ്ടി വരും.
മദ്യവും പെട്രോളും ഗണ്യമായ വിലക്കുറവിൽ വിൽപ്പന നടത്തുന്ന മാഹിയിൽ റേഷൻ സംവിധാനം നിലയ്‌ക്കുന്നതിനെതിരെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും കണ്ണടയ്ക്കുകയാണ്.
റേഷൻ ഡിപ്പോകൾ അടച്ചു പൂട്ടി സാധനങ്ങൾ ഒഴിവാക്കുന്നു