കാസർകോട്: ഉപ്പള മണ്ണംകുഴിയിലെ റിയൽ എസ്‌റ്റേറ്റ് ബിസിനസ്സുകാരനായ മുത്തലിബിനെ കൊലപ്പെടുത്തിയ കേസിന്റെ സാക്ഷി വിസ്താരം ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) യിൽ പൂർത്തിയായി.

2013 ഒക്ടോബർ 24 ന് രാത്രി 11 മണിയോടെ മണ്ണംകുഴിയിലെ ക്വാർട്ടേഴ്‌സിനു മുന്നിലാണ് മുത്തലിബ് കൊലചെയ്യപ്പെട്ടത്. താമസസ്ഥലത്തുനിന്നും ഇറങ്ങിയ മുത്തലിബ് കാറോടിച്ചു പോകുന്നതിനിടെ ഉപ്പളയിലെ കാലിയ റഫീഖ്, ഷംസുദ്ദീൻ എന്നിവർ വാൾകൊണ്ട് വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തുകയായിരുന്നു. ഇവർക്ക് സഹായം നൽകിയതിന് മുഹമ്മദ് റഫീഖ്, മൻസൂർ അഹമ്മദ്, സയ്യിദ് ആസിഫ്, മുഹമ്മദ് അൻസാർ എന്നിവരെയും കേസിൽ പ്രതി ചേർത്തിരുന്നു.

സംഭവത്തിന് സാക്ഷിയായ മുത്തലിബിന്റെ ഭാര്യ, തൊട്ടടുത്ത ക്വാർട്ടേഴ്‌സിലെ താമസക്കാർ, പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തിയ മജിസ്‌ട്രേറ്റ്, പൊലീസ് സർജൻ എന്നിവരടക്കം ആകെ 82 സാക്ഷികളിൽ 39 പേരെയാണ് വിസ്തരിച്ചത്. കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായിരുന്ന കാലിയ റഫീഖ് വിചാരണ തുടങ്ങും മുമ്പ് തന്നെ കൊല്ലപ്പെട്ടിരുന്നു.

വിചാരണവേളയിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. ബാലകൃഷ്ണൻ പ്രോസിക്യൂഷനു വേണ്ടി ഹാജരായി. അന്നത്തെ കുമ്പള സി.ഐ ആയിരുന്ന സിബി തോമസാണ് കേസന്വേഷണം നടത്തി പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.