കണ്ണൂർ: രാജ്യം ഭരിക്കുന്നത് ത്രിവർണ പതാകയെ അംഗീകരിക്കാത്തവരാണെന്ന് സി. പി.എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ പറഞ്ഞു.ആർഎസ്എസിന്റെ കാവിക്കൊടിയോടാണ് മോഡി സർക്കാരിന്റെ കൂറ്. ഇന്ത്യ റിപ്പബ്ലിക്കായപ്പോഴും ഭരണഘടനയുണ്ടാക്കിയപ്പോഴും ആർഎസ്എസ് അത് പറ്റില്ലെന്നാണ് പറഞ്ഞത്. ഒരു രാജ്യം ഒറ്റ ജനതയെന്ന ആർഎസ്എസ് മുദ്രാവാക്യത്തിന്റെ അർത്ഥം ഹിന്ദുരാഷ്ട്രമെന്നാണ്.ഗോവിന്ദൻ പറഞ്ഞു. കണ്ണൂർ സ്റ്റേഡിയാ കോർണറിൽ എൽഡിഎഫ് സംഘടിപ്പിച്ച ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരായ ബഹുജന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷ ഉള്ളടക്കമുള്ള ഭരണഘടന പാടില്ലെന്നും ഫെഡറൽ സംവിധാനം വേണ്ടെന്നും കേന്ദ്രീകൃത ഭരണമാണ് ആവശ്യമെന്നുമാണ് ആർഎസ്എസ് നിലപാട്. ഇതാണ് മോഡി നടപ്പിലാക്കുന്നത്. എല്ലാ പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളും ആർഎസ്എസ് നിയന്ത്രണത്തിലായി. ഹിന്ദുരാഷ്ട്രമാക്കാനുള്ള ഫാസ്‌സിറ്റ് പ്രവണതയുമായി മുന്നോട്ടുപോകുകയാണ്. ഒരു വിഭാഗത്തെയും ഒഴിവാക്കാതെ പൗരത്വം നൽകണമെന്നാണ് സിപി എം നിലപാട്. സംസ്ഥാന സർക്കാരിനെ പിരിച്ചുവിടുന്നതിൽ ഒരു ഉത്കണ്ഠയുമില്ല. പൂർവാധികം ശക്തിയോടെ തിരിച്ചവരുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
സി.പി. എം ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി .പി. മുരളി, എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് കെ പി മോഹനൻ, ജനതാദൾ എസ് സംസ്ഥാന കമ്മിറ്റി അംഗം സി കെ ദാമോദരൻ, എൻ.സി.പി നേതാവ് കെ. കെ. രാജൻ, കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ. പി. ആർ വേശാല, ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, ജോസ് ചെമ്പേരി, സിറാജ് തയ്യിൽ, ജോൺ ജോസഫ്, സി വത്സൻ, സിപിഐ ജില്ലാ സെക്രട്ടറി പി സന്തോഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. കെ കെ രാഗേഷ് എംപി, എ എൻ ഷംസീർ എംഎൽഎ എന്നിവർ പങ്കെടുത്തു.