കണ്ണൂർ: കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽ റെയിൽവെ ട്രാക്കിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ മണിക്കൂറുകൾ വൈകി ഒാടുന്നത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു.ട്രെയിനുകൾ ഏറ നേരം വൈകാൻ തുടങ്ങിയതോടെ സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് നിത്യേന പ്രയാസമനുഭവിക്കുന്നത്.
രാവിലെ 11.30ന് മംഗലാപുരം ഇന്റർസിറ്റി എക്‌സ്പ്രസ് കടന്ന് മംഗലാപുരം ഭാഗത്തേക്ക് അടുത്ത ട്രെയിനിനായി ഏറെ നേരം കാത്തിരിക്കേണ്ട അവസ്ഥയാണ്. ഏറനാട് എക്‌സ്പ്രസ് 2.10ന് ആണ് കണ്ണൂരിൽ എത്തേണ്ടത്. എന്നാൽ ഇപ്പോൾ മണിക്കൂറുകൾ വൈകി നാലിനും അഞ്ചിനുമൊക്കെയാണ് കണ്ണൂരിൽ എത്തുന്നത്.
3.15 ന് എത്തേണ്ട കൊയമ്പത്തൂർ മംഗലാപുരം പാസഞ്ചർ ചില ദിവസങ്ങളിൽ മൂന്ന് മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്.ഇതുമൂലം 5.15 ന് കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ട കണ്ണൂർ ചെറുവത്തൂർ പാസഞ്ചറും വൈകുന്നത് പതിവായിരിക്കുകയാണ്.കഴിഞ്ഞ ദിവസം തലശ്ശേരിയിൽ പാളത്തിൽ ഉണ്ടായ വിള്ളൽ മൂലം രണ്ട് മണിക്കൂറാണ് പാസഞ്ചർ വൈകി ഓടിയത്. എന്നാൽ ഇതുമായ് ബന്ധപ്പെട്ട് യാതൊരു മുന്നറിയിപ്പും യാത്രക്കാർക്ക് ലഭിച്ചിരുന്നില്ല.
പരശു റാം എക്‌സ്പ്രസ് കടന്നു പോയതിന് ശേഷം 7.15 നാണ് കണ്ണൂരിൽ നിന്നും 'പാസഞ്ചർ പുറപ്പെട്ടത്. ഇത് യാത്രക്കാരിൽ നിന്നും പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.നിത്യേന ഇൗ ട്രെയിനുകളെ ആശ്രയിക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് രാത്രി ഏറെ നേരം വൈകി വീടുകളിൽ എത്തേണ്ട സ്ഥിതിയാണ് .കൂടാതെ സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ കടന്നു പോകാൻ പാസഞ്ചറിനെ സ്റ്റേഷനിൽ പിടിച്ചിടുന്നതും കൂടുതൽ സമയം വെെക്കുന്നതിന് ഇടയാക്കുകയാണ്. ഈ മാസം 28 വരെയാണ് പാളത്തിലെ പണികൾ നടക്കുന്നത്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ട്രെയിനുകൾ സമയ ക്രത്യത പാലിക്കാൻ സാധ്യതയില്ലെന്നാണ് സൂചന.