ചെറുവത്തൂർ: സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എഴുത്തുകൂട്ടം സാഹിത്യ ശില്പശാല ഇന്നും നാളെയും അച്ചാംതുരുത്തി തേജസ്വിനി പുഴയോരത്ത് നടക്കും.
ഇന്നു രാവിലെ പത്തിന് നോവലിസ്റ്റ് എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും. ജില്ല കളക്ടർ ഡോ. ഡി. സജിത്ത്ബാബു മുഖ്യാതിഥിയാകും. ശില്പശാലയിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ രചനകൾ ഉൾക്കൊള്ളിച്ച് തയാറാക്കിയ എഴുത്തുകൂട്ടം പുസ്തകം പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഏറ്റുവാങ്ങും. തുടർന്ന് വിവിധ വിഷയങ്ങളിൽ കെ.എസ് രവികുമാർ, ഇ.പി രാജഗോപാലൻ, ടി.ഡി രാമകൃഷ്ണൻ, അംബികാസുതൻ മാങ്ങാട്, ദിവാകരൻ വിഷ്ണുമംഗലം എന്നിവർ ക്ലാസെടുക്കും. വൈകീട്ട് 5.30ന് പുഴയും സാഹിത്യവും വിഷയത്തിൽ പാനൽ ചർച്ച. തുടർന്ന് എന്റെ ഡോക്യുമെന്ററി സിനിമകൾ വിഷയത്തിൽ എം എ റഹ്മാൻ പ്രഭാഷണം നടത്തും. സിനിമാ പ്രദർശനവുമുണ്ടാകും.
നാളെ രാവിലെ ശില്പശാലയിലെ അംഗങ്ങളുടെ രചനകൾ വിലയിരുത്തും. 2.30ന് നോവലും ദേശവും എന്ന വിഷയത്തിൽ കെ.ആർ മല്ലിക ക്ലാസെടുക്കും. തുടർന്ന് ശില്പശാല അവലോകനം. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം സി.പി അബൂബക്കർ ഉദ്ഘാടനം ചെയ്യും.