കാഞ്ഞങ്ങാട്: കോട്ടച്ചേരിയിൽ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ പണിയണമെന്ന് കെ.എസ്.ടി.പിയോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ വി.വി രമേശൻ പറഞ്ഞു. നിർമ്മാണം പൂർത്തിയായ കെ.എസ്.ടി.പി റോഡിൽ ബസ് കാത്തിരിപ്പുകേന്ദ്രമില്ലാത്തതിനാൽ യാത്രക്കാർ അനുഭവിക്കുന്ന വിഷമത്തെക്കുറിച്ച് ഇന്നലെ കേരളകൗമുദിയിൽ വന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ചെയർമാൻ.

ഇതിനുപുറമെ സ്വകാര്യ സ്ഥാപന ഉടമകളുമായി ബന്ധപ്പെടാനും ആലോചിക്കുന്നുണ്ട്. അവരുടെ സ്ഥാപനത്തിന്റെ പരസ്യം ചേർത്തുകൊണ്ടുള്ള ബസ് ഷെൽട്ടറുകളാകാമെന്ന് ചെയർമാൻ അറിയിച്ചു. അത്തരത്തിൽ നേരത്തെ കോട്ടച്ചേരിയിൽ ഒരു ഷെൽട്ടർ ഉണ്ടായിരുന്നത് റോഡ് നിർമ്മാണത്തിനു വേണ്ടി പൊളിച്ചു മാറ്റുകയായിരുന്നു. റോഡിനു പടിഞ്ഞാറു ഭാഗത്ത് ബസ് ഷെൽട്ടറില്ലാത്തതിനാൽ നടപ്പാതയിലും കടകൾക്കു മുന്നിലുമായി പൊരിവെയിലത്താണ് യാത്രക്കാർ കാത്തുനിൽക്കുന്നത്.