നീലേശ്വരം: നഗരസഭ നിർമ്മിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സ് പ്ലാനിന് കൗൺസിൽ അംഗീകാരം
കാലപ്പഴക്കം കൊണ്ട് പൊളിച്ചുമാറ്റിയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സിനു പകരമായി നിർമ്മിക്കുന്ന ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ പ്ലാനിനും സൈറ്റ് പ്ലാനിനുമാണ് സബ് കമ്മിറ്റി ശുപാർശ പ്രകാരം നഗരസഭാ കൗൺസിൽ അംഗീകാരം നൽകിയത്. നിലവിലെ താത്കാലിക ബസ് സ്റ്റാൻഡിന് വടക്കു വശത്തായി റോഡിന് അഭിമുഖമായാണ് പുതിയ ബസ് സ്റ്റാൻഡ് നിർമ്മിക്കുക.
ഒരേ സമയം 20 ൽപരം ബസുകൾക്ക് സ്റ്റാൻഡിൽ യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുതിനുമുള്ള സൗകര്യമുണ്ടാകും. ബസ് കാത്തിരിക്കുന്ന യാത്രക്കാർക്ക് ശാസ്ത്രീയ സംവിധാനങ്ങളോടെയുളള വിപുലമായ സൗകര്യങ്ങൾ ഒരുക്കും. ശുചിമുറികൾ, മുലയൂട്ടൽ കേന്ദ്രം, പൊലീസ് എയ്ഡ് പോസ്റ്റ്, ഇൻഫർമേഷൻ കൗണ്ടർ തുടങ്ങിയ സൗകര്യങ്ങളുംഒരുക്കും.
മലയോര മേഖലയിൽ ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന ബസ് സ്റ്റാൻഡാണിത്. കാലപ്പഴക്കത്തെ തുടർന്നാണ് അപകടഭീഷണിയിലായ ബസ് സ്റ്റാൻഡ് കോംപ്ലക്‌സ് പൊളിച്ചു നീക്കിയത്. പൊളിച്ചു മാറ്റിയ ബസ് സ്റ്റാൻഡിന് പകരമായി താത്കാലിക ബസ് സ്റ്റാൻഡ് നഗരസഭ ഒരുക്കിയിരുന്നു.
മൂന്ന് നിലകൾ, വിപുലമായ പാർക്കിങ് സൗകര്യം
92 സെന്റ് സ്ഥലത്ത് 36,500 ചതുരശ്ര അടിയിൽ മൂന്ന് നിലകളോടുകൂടിയ കെട്ടിട സമുച്ചയം
താഴത്തെ നിലയിൽ 16 കടമുറികളും ഒന്നാംനിലയിൽ 28 കടമുറികളും രണ്ടാംനിലയിൽ 10 കടമുറികളും ഓഫീസ് ആവശ്യങ്ങൾക്കുള്ള ഏഴ് മുറികളും
8000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കോൺഫറൻസ് ഹാൾ
ബസ് സ്റ്റാൻഡിനുള്ളിൽ ഓട്ടോറിക്ഷകൾക്കും പാർക്കിംഗ് സംവിധാനവും
കാറുകൾക്കും മറ്റു വാഹനങ്ങൾക്കുമായി വിപുലമായ പാർക്കിംഗ് സംവിധാനം
പ്ലാൻ അനുസരിച്ച് കെട്ടിട നിർമ്മാണം തുടങ്ങുന്നതിനായി ഇനി വേണ്ടത് സംസ്ഥാന ചീഫ് ടൗൺ പ്ലാനറുടെ അംഗീകാരമാണ്. കെട്ടിട നിർമ്മാണത്തിനായി കേരള അർബൻ ആൻഡ് റൂറൽ ഡവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ നിന്ന് ലോൺ ലഭ്യമാക്കും. പരിസ്ഥിതി സൗഹാർദ്ദമായി ഹരിത ചട്ടങ്ങൾ പാലിക്കുന്ന വിധത്തിലാകും പുതിയ ബസ് സ്റ്റാൻഡിന്റെ നിർമ്മാണവും പ്രവർത്തനവും നടക്കുക
പ്രൊഫ: കെ.പി. ജയരാജൻ,
നീലേശ്വരം നഗരസഭ ചെയർമാൻ
നീലേശ്വരത്ത് നിർമ്മിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ പ്ലാൻ