മംഗളൂരു: കർണ്ണാടകയിൽ മലയാളികൾക്കെതിരെ നിരീക്ഷണം ശക്തമാക്കി കർണാടക പൊലീസ്. കേരളാ അതിർത്തിയിൽ നിന്നെത്തുന്ന വാഹനങ്ങളെല്ലാം പരിശോധിക്കുന്ന പൊലീസ് മലയാളി മാദ്ധ്യമ പ്രവർത്തകരേയും ഒഴിവാക്കുന്നില്ല. മംഗളുരുവിൽ റിപ്പോർട്ടിംഗിനെത്തിയ മലയാളി മാദ്ധ്യമപ്രവർത്തകരെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പ്രതിഷേധം അറിയിച്ചതിനെ തുടർന്നാണ് വിട്ടയച്ചത്.

പ്രാദേശികവികാരമുയർത്തി തീക്കളി

കർണ്ണാടകയിലെ പ്രശ്‌നങ്ങൾക്ക് കാരണം മലയാളികളെന്ന് വരുത്തി തീർത്ത് പ്രാദേശിക വികാരം ആളിക്കത്തിക്കാൻ ഗൂഢശ്രമം ഇന്നലെയുണ്ടായി.പൗരത്വ ഭേദഗതിക്കെതിരെ കർണാടകത്തിൽ അക്രമം അഴിച്ചുവിട്ടത് കേരളത്തിൽ നിന്ന് എത്തിയവരെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയാണ് ഇതിന് തുടക്കമിട്ടത്. ആസൂത്രണത്തോടെ ആയുധങ്ങളുമായെത്തിയെന്നാണ് കർണാടക മന്ത്രിയുടെ ആരോപണം. പൊലീസ് സ്റ്റേഷൻ തീയിടാൻ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നും മന്ത്രി വ്യക്തമാക്കി.

മംഗളൂരുവിലുള്ള മലയാളി വിദ്യാർത്ഥികളും പൊലീസ് നിരീക്ഷണത്തിലാണ്. എന്ത് വില കൊടുത്തും അക്രമം അടിച്ചമർത്താനാണ് കർണ്ണാടക സർക്കാരിന്റെ തീരുമാനം.അതിനിടെ മലയാളി മാദ്ധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. വ്യാജ മാധ്യമ പ്രവർത്തകരെ ആയുധങ്ങളുമായി പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്ന് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇത് ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയും കന്നഡക്കാരനുമായ ബിഎൽ സന്തോഷ് ട്വീറ്റ ചെയ്തതും വിവാദമായി. കേരളത്തിലെ പ്രധാന ചാനലുകളിലെ മാദ്ധ്യമ പ്രവർത്തകരെയാണ് വ്യാജന്മാരായി ചിത്രീകരിച്ചത്. ഇതും മലയാളി വികാരം ആളിക്കത്തിക്കാനുള്ള നീക്കമായി സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കർണ്ണാടക സർക്കാരിനെ കേരളം അതൃപ്തി അറിയിക്കും.

മംഗളുരുവിൽ പ്രശ്‌നമുണ്ടാക്കിയ മലയാളികളുടെ പട്ടിക കർണ്ണാടകത്തോട് ആവശ്യപ്പെടാൻ സാദ്ധ്യതയുണ്ട്വീഴ്ച മറച്ചു വയ്ക്കാനുള്ള ശ്രമമാണ് ഇതെന്ന് കേരളം സംശയിക്കുന്നു.

വ്യാജന്മാരെന്ന് പ്രചാരണവും

മംഗളൂരുവിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാദ്ധ്യമപ്രവർത്തകരെക്കുറിച്ച് വ്യാജ പ്രചരണം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. വ്യാജ മാദ്ധ്യമപ്രവർത്തകരാണ് മംഗളൂരുവിൽ റിപ്പോർട്ട് ചെയ്യാനെത്തിയതെന്നും ഇവർക്ക് തിരിച്ചറിയൽ കാർഡില്ലെന്നുമുള്ള പ്രചാരണമാണ് മംഗളൂരു പൊലീസും ചില മാദ്ധ്യമങ്ങളും ചേർന്ന് നടത്തിയത്. നിരവധി ഇടപടലുകൾ ഉണ്ടായിട്ടും പിടിയിലുള്ള മാദ്ധ്യമപ്രവർത്തകരെ വിട്ടയയ്ക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. മൊബൈൽ ഫോണുകൾ അടക്കം പിടിച്ചുവെച്ചു. ഇന്റർനെറ്റും മൊബൈൽ ഫോണും അടക്കമുള്ളവ തടഞ്ഞു. വെന്റ് ലോക്ക് ആശുപത്രിയിൽ വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ റിപ്പോർട്ടർമാരും കാമറാമാന്മാരും അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ചാനൽ റിപ്പോർട്ടർമാരും കാമറാമാന്മാരായിരുന്നു ഇവർ. മംഗളൂരുവിലെ സാഹചര്യങ്ങൾ സംബന്ധിച്ചുള്ള വാർത്തകൾ തടയുന്നതിന്റെ ഭാഗമായാണ് സിറ്റി പൊലീസ് കമ്മീഷണർ ഡോ. പി.എസ് ഹർഷയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. കർഫ്യൂ മാധ്യമപ്രവർത്തകർക്കും ബാധകമാണെന്നാണ് പൊലീസിന്റെ നിലപാട്. ഇവരുടെ ഫോണുകളും കാമറകളും പിടിച്ചെടുത്തു. ഇവരെ വിട്ടയച്ചതായി കർണ്ണാടക സർക്കാർ പിന്നീട് അറിയിച്ചു.