കാസർകോട്: കാസർകോട് പ്രദേശത്തിന്റെ കുടിവെള്ളപ്രശ്‌നത്തിനു ശാശ്വതപരിഹാരമാകുന്ന ബാവിക്കര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി വീണ്ടും മുടങ്ങി. സ്ഥിരം തടയണ നിർമാണം എൺപതു ശതമാനവും പൂർത്തീകരിച്ചതായിരുന്നു.

ചില സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് നിർത്തിവെച്ചിരുന്ന തടയണയുടെ പ്രവൃത്തി പുനരാരംഭിക്കാൻ ഇന്നലെ കരാറുകാരൻ തൊഴിലാളികളുമായെത്തിയപ്പോഴാണ് ഇവിടേക്ക് നേരത്തേയുണ്ടായിരുന്ന വഴിവിട്ടു കൊടുക്കാൻ തയ്യാറല്ലെന്ന നിലപാടിൽ പ്രദേശവാസികളിൽ ചിലരെത്തിയത്. സാധനസാമഗ്രികളെത്തിക്കുന്നതിനു നേരത്തേ പ്രദേശവാസികൾ സൗജന്യമായി സ്ഥലം വിട്ടുകൊടുത്തതാണെന്ന് ബന്ധപ്പെട്ട എഞ്ചിനീയർമാർ പറയുന്നു. എന്നാൽ സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്ന നിലപാടിലാണ് ഇപ്പോൾ പ്രദേശത്തെ ചിലരുള്ളത്.

പ്രവൃത്തി മുടങ്ങിയതിനെ തുടർന്ന് മൈനർ ഇറിഗേഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ ഡി. രാജന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി നാട്ടുകാരുടെ പ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. പിന്നീട് ഉദ്യോഗസ്ഥർ പുതിയൊരു അലൈൻമെന്റ് റോഡിനായി നിർദ്ദേശിച്ചെങ്കിലും ഇതിലും തീരുമാനമുണ്ടായില്ല. അസി. എക്‌സിക്യുട്ടീവ് എൻജിനീയർമാരായ രത്‌നാകരൻ, എ. അനൂപ്, അസി എഞ്ചിനീയർ ഫെമി മരിയാ തോമസ്, ഓവർസീയർ കെ പ്രസാദ്, വികസനസമിതി ഭാരവാഹികളായ ഗോപിനാഥൻ നായർ, ഇ. കുഞ്ഞിക്കണ്ണൻ, അബ്ദുള്ളക്കുഞ്ഞി, എം.കെ ഹമീദ് തുടങ്ങിയവരും ചർച്ചയ്ക്കുണ്ടായിരുന്നു.