കണ്ണൂർ: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ അവരെ ഒന്നിപ്പിക്കുന്ന ആഘോഷമാണ് സരസ് മേളയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കണ്ണൂർ മാങ്ങാട്ട് പറമ്പിൽ ദേശീയ സരസ് മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കശ്മീർ അടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യത്യസ്ത ഉൽപ്പന്നങ്ങളും രുചിഭേദങ്ങളും അനുഭവിക്കാൻ ഉതകുന്നതാണ് ഇവിടെ ഒരുക്കിയ വിപണന സ്റ്റാളുകളും ഫുഡ് കോർട്ടുകളുമെന്നും മന്ത്രി പറഞ്ഞു. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി ഗ്രാമീണത മുറ്റി നിൽക്കുന്ന പ്രദേശങ്ങളിൽ സരസ് മേളകൾ സംഘടിപ്പിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മേള മാങ്ങാട്ടു പാമ്പിൽ സംഘടിപ്പിച്ചത്. ഇത്തവണത്തെ സരസ് മേളയിൽ 10 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ചെറുകിട സംരംഭകരുടെ ഒരു അത്താണി കൂടിയാണ് മേളയെന്നും മന്ത്രി പറഞ്ഞു.
ജെയിംസ് മാത്യു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ റിപ്പോർട്ടവതരിപ്പിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി പ്രീത, ജില്ലാ പഞ്ചായത്തംഗം അജിത്ത് മാട്ടൂൽ, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗങ്ങളായ എ കെ രമ്യ, ബേബി ബാലകൃഷ്ണൻ, ആന്തൂർ നഗരസഭ ചെയർപേഴ്‌സൺ പി കെ ശ്യാമള ടീച്ചർ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ എം സുർജിത്ത്, തുടങ്ങിയവർ പങ്കെടുത്തു. .കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും സഹകരണത്തോടെയാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ സരസ് മേള നടക്കുന്നത്. 16 സംസ്ഥാനങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധരും ചെറുകിട സംരംഭകരും മേളയിൽ പങ്കെടുക്കന്നുണ്ട്. കുടുംബശ്രീ അംഗങ്ങളെ അണിനിരത്തി ഘോഷയാത്രയും നടന്നു.