പാപ്പിനിശേരി: പറശിനിക്കടവ് മാട്ടൂൽ റൂട്ടിലെ യാത്രബോട്ട് നിലച്ചിട്ട് ഒരു മാസമാവുന്നു. ഈയാഴ്ച അറ്റകുറ്റപണി തീരുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. ബോട്ട് യാത്ര നിശ്ചലമായതോടെ കടവിനെ ആശ്രയിക്കുന്ന യാത്രക്കാർ തീരാദുരിതത്തിലാണ്.അഴീക്കൽ മാട്ടൂൽ റൂട്ടിലെ ബോട്ടാണ് ഒരുമാസം മുൻപ് കേടായത്. ഇതേതുടർന്ന് പറശിനിക്കടവ് റൂട്ടിലോടുന്ന ബോട്ട് അഴീക്കലേക്ക് മാറ്റി. ബോട്ട് നിശ്ചലമായിട്ടും ഇടപെടൽ വൈകിയെന്ന ആക്ഷേപം ശക്തമാണ്. നേരത്തെ

മാട്ടൂൽഅഴീക്കൽ റൂട്ട് സർക്കാർ ഏറ്റെടുത്തതോടെയാണ് പ്രദേശവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് അറുതിയായത്. ജലഗതാഗതവകുപ്പ് നേരിട്ടാണ് ഈ റൂട്ടിൽ ബോട്ട് സർവീസ് നടത്തുന്നത്.ടി.വി.രജേഷ് എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ് നാട്ടുകാരുടെ ദീർഘനാളത്തെ ആവശ്യത്തിന് അന്ന് സർക്കാർ അംഗീകാരം നൽകിയത്.

പ്രദേശവാസികളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന് ടി വി രജേഷ് എംഎൽഎ മന്ത്രിമാരെയും ജലഗതാഗത വകുപ്പ് മേധാവിമാരെയും നേരിൽ കണ്ട് ചർച്ച നടത്തിയതിനെ തുടർന്നാണ് റൂട്ട് സർക്കാർ ഏറ്റെടുക്കാനും പുതിയ ബോട്ട് അനുവദിക്കാനും നടപടിയായത്. രാവിലെ എട്ടോടെ പറശിനിക്കടവിൽനിന്ന് പുറപ്പെടുന്ന ബോട്ട് മാട്ടൂലിലെത്തിയശേഷം രാവിലെ മുതൽ മാട്ടൂൽ അഴീക്കൽ കടത്തുകളിലേക്ക് ഇടവേളകളില്ലാതെ സർവീസ് നടത്തിവരികയായിരുന്നു. മുറവിളിയെ തുടർന്ന് അഴീക്കൽ റൂട്ടിൽ പുതിയ സർവീസ് സജ്ജമാക്കി.

നിലവിൽ ജലഗതാഗത വകുപ്പിന്റെ രണ്ട് ബോട്ട് മാട്ടൂൽ അഴീക്കൽ പറശിനി റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. ഒരു ബോട്ട് കൂടി അനുവദിക്കാത്തത് കാരണം അറ്റകുറ്റപണിവരുമ്പോൾ പറശിനി മാട്ടൂൽ ബോട്ട് സർവീസ് ഒഴിവക്കേണ്ട അവസ്ഥയാണ്. ഈ മാസം 25നകം അറ്റകുറ്റപണി തീരുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.