തൃക്കരിപ്പൂർ: കേരള ജലവിഭവ വികസന കേന്ദ്രം (സി.ഡബ്ല്യു.ആർ.ഡി.എം) കവ്വായി കായൽ സംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ പ്രവൃത്തികളെപ്പറ്റി വാസ്തവവിരുദ്ധമായ പ്രചാരണമാണ് ബി.ജെ.പി. നേതൃത്വത്തിന്റെതെന്ന് വലിയപറമ്പ് ഗ്രാമപഞ്ചായത്ത് അംഗം വി.കെ. കരുണാകരനും ഇടയിലെക്കാട് നവോദയ വായനശാല ആൻഡ് ഗ്രന്ഥാലയം പ്രസിഡന്റ് പി. വി. പ്രഭാകരനും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ജൈവവൈവിധ്യസമ്പന്നമായ കവ്വായിക്കായലിന് രാംസർസൈറ്റ് പദവി നൽകുന്നതിന് മുന്നോടിയായി 2016ൽ 1.2 കോടി രൂപയുടെ പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നു. ഇടയിലെക്കാട് കാവിനെ സംരക്ഷിക്കുന്നതിനുള്ള 103 മീറ്റർ നീളത്തിലുള്ള സംരക്ഷണ വേലി ജനകീയ കമ്മിറ്റിയാണ് ഏറ്റെടുത്തു നടത്തിയത്. പ്രദേശത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ ഉൾപ്പെട്ട ഈ ജനകീയ കമ്മിറ്റിയെ അപകീർത്തിപ്പെടുത്തും വിധത്തിലുള്ള പ്രസ്താവനയാണ് 3 വർഷം കഴിഞ്ഞ് ബി.ജെ.പി നടത്തിയത്.

പ്രവൃത്തി പൂർത്തിയാക്കി രണ്ടുമൂന്നു തവണ പരിശോധന നടത്തിയ ശേഷം മുഴുവൻ റെക്കോഡുകളും കൈപ്പറ്റിയ ശേഷമാണ് പണം അനുവദിച്ചത്. ഇടയിലെക്കാട് നവോദയ ഗ്രന്ഥശാലയ്ക്ക് പുസ്തകം അനുവദിച്ചതിലും അപാകതയില്ല.കവ്വായിക്കായലിന്റെ പാരിസ്ഥിതിക പ്രാധാന്യം സൂചിപ്പിക്കുന്ന 6 ഫോട്ടോകളടങ്ങിയ ഫോട്ടോഗാലറി ഇപ്പോഴും ഗ്രന്ഥശാലയിൽ കാണാൻ കഴിയും. ഫണ്ടിംഗ് ഏജൻസിയുടെ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ചെക്കുകൾ അനുവദിച്ചതെന്നും പ്രവൃത്തി സംബന്ധിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഇവർ പറഞ്ഞു.