binoy-viswam

മംഗളൂരു: മംഗളൂരുവിൽ പൗരത്വ ബില്ലിനും പൊലീസ് നടപടിക്കും എതിരെ പരസ്യമായി പ്രതിഷേധിച്ച സി.പി.ഐ ദേശീയ കൗൺസിൽ അംഗം ബിനോയ് വിശ്വം എം.പിയെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടികളും പ്ലക്കാർഡുകളും ഏന്തിയായിരുന്നു പ്രതിഷേധം. കർഫ്യൂ ലംഘിച്ചതിനാണ് ബിനോയ് വിശ്വത്തെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വെളിപ്പെടുത്തി. സി.പി.ഐ കർണാടക സെക്രട്ടറിയും പിടിയിലായിരുന്നു.

മണിക്കൂറുകൾക്ക് ശേഷം വിട്ടയച്ച ബിനോയ് വിശ്വത്തെ കർണാടക പൊലീസ് ഇന്നലെ വൈകുന്നേരത്തോടെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെത്തിച്ചു. സി.പി.ഐ കാസർകോട് ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിലിന്റെ നേതൃത്വത്തിൽ ബിനോയ് വിശ്വത്തെ സ്വീകരിച്ചു.

മലയാളി വിദ്യാർത്ഥികൾക്കായി

മുഖ്യമന്ത്രി ഇടപെട്ടു

അക്രമങ്ങളെ തുടർന്നു കർണാടകയിൽ കുടുങ്ങിപ്പോയ മലയാളി വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കാസർകോട് ഡിപ്പോയിൽ നിന്ന് മംഗളൂരുവിലേക്ക് അയച്ച അഞ്ച് കെ.എസ്.ആർ.ടി.സി ബസുകളിൽ വിദ്യാർത്ഥികൾ കാസർകോട് എത്തി. അവിടെനിന്ന് തങ്ങളുടെ നാടുകളിലേക്ക് പോകാൻ സൗകര്യം ഏർപ്പെടുത്തി.

പരിശോധനയുടെ പേരിൽ പീഡനം

മംഗളൂരുവിൽ മലയാളികളെ വേട്ടയാടാൻ കർണാടക പൊലീസ് ഇന്നലെയും ശ്രമിച്ചതായി ആക്ഷേപം ഉയർന്നു. അതിർത്തിയിൽ വാഹനങ്ങൾ പൊലീസ് കർശനമായി പരിശോധിച്ചു. മംഗളൂരുവിലേക്ക് പോകുന്ന മലയാളികളെ തലപ്പാടിയിലും ട്രെയിൻ ഇറങ്ങുന്നവരെ റെയിൽവേ സ്റ്റേഷനിലും പരിശോധനയുടെ പേരിൽ പീഡിപ്പിക്കുന്നതായാണ് പരാതി. മുഖ്യമന്ത്രി യെദിയൂരപ്പ എത്തിയ ശേഷമാണ് പൊലീസ് നടപടികളിൽ നേരിയ മാറ്റം ഉണ്ടായത്.

കർഫ്യൂവിൽ ഇളവ്

മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ മംഗളൂരുവിൽ സ്ഥിതി വിലയിരുത്തിയ ശേഷം വൈകിട്ട് 3 മുതൽ ആറു വരെ കർഫ്യൂ ഇളവ് ചെയ്‌തു. ഇന്നു രാവിലെയും ഇളവ് നൽകും.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുത്തു. വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടതും മലയാളി മാദ്ധ്യമ പ്രവർത്തകരെ തടഞ്ഞുവച്ചതും അന്വേഷിക്കാൻ യോഗത്തിൽ തീരുമാനമായി.