നിയമനം ലഭിച്ചത് 8 പേർക്ക്

മെയിൻ ലിസ്റ്റിൽ 196 പേർ

സപ്ലിമെന്ററി ലിസ്റ്റൽ 25 പേർ

കാഞ്ഞങ്ങാട്: പി.എസ്.സി പ്രസിദ്ധീകരിച്ച സിവിൽ എക്‌സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നു. ജില്ലയിലെ ലിസ്റ്റിൽ നിന്നും നിയമനം ലഭിച്ചത് 8 പേർക്കു മാത്രം. മെയിൻ ലിസ്റ്റിൽ 196 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 25 പേരും നിയമനം കാത്ത് ദിവസങ്ങൾ തള്ളിനീക്കുകയാണ്.

2019 ഏപ്രിലിൽ പ്രസിദ്ധീകരിച്ച പട്ടികയുടെ കാലാവധി 2020 ഏപ്രിലിൽ തീരുകയാണ്. ശേഷിക്കുന്ന നാലു മാസത്തിനുള്ളിൽ പട്ടികയിലെ അവശേഷിക്കുന്ന മുഴുവൻ പേർക്കും നിയമനം കിട്ടുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.

കഴിഞ്ഞ സർക്കാറിന്റെ കാലത്ത് എല്ലാ യൂണിഫോം തസ്തികകളുടെയും കാലാവധി ഒരു വർഷമായി ചുരുക്കുകയും വർഷം തോറും പി.എസ്.സി വഴി പരീക്ഷ നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ പൊലീസ്, ഫയർഫോഴ്‌സ് തുടങ്ങിയ യൂണിഫോം തസ്തികകളുമായി താരതമ്യപ്പെടുത്തുമ്പോൾ എക്‌സൈസിൽ പത്തിലൊരു ശതമാനം പോലും നിയമനം നടക്കുന്നില്ല.

ജീവനക്കാരുടെ ഒഴിവുണ്ടായിട്ടും...

ജില്ലയിൽ ഒട്ടുമിക്ക എക്‌സൈസ് ഓഫീസുകളിലും ജീവനക്കാരുടെ കുറവുണ്ട്. വെള്ളരിക്കുണ്ട് റെയിഞ്ച് ഓഫീസ്, മഞ്ചേശ്വരം സർക്കിൾ ഓഫീസ് എന്നിവ പ്രഖ്യാപിച്ചതല്ലാതെ തുറന്നു പ്രവർത്തനം ആരംഭിച്ചിട്ടില്ല. 1968 ൽ നിലവിൽ വന്ന സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും എക്‌സൈസ് വകുപ്പിൽ തുടരുന്നതെന്ന് റാങ്ക് ഹോൾഡർമാർ പറയുന്നു.

ആദൂർ, പെർള ചെക്ക് പോസ്റ്റുകളിൽ ഇതുവരെയും സ്ഥിരനിയമനം നടന്നിട്ടില്ല. വെള്ളരിക്കുണ്ടിൽ സർക്കിൾ ഓഫീസ് ഉണ്ടെങ്കിലും റെയിഞ്ച് ഓഫീസ് ഇല്ലാത്തതിനാൽ ഒരുകേസും റജിസ്റ്റർ ചെയ്യാൻ കഴിയാത്ത അവസ്ഥയുമുണ്ട്.