പയ്യന്നൂർ: കണ്ടങ്കാളിയിൽ നെൽവയൽ നികത്തി പെട്രോളിയം പദ്ധതിക്ക് വിട്ടുകൊടുക്കാനുള്ള നീക്കത്തിനെതിരെ ജനകീയ സമരസമിതി നടത്തുന്ന സത്യഗ്രഹ സമരം 51 ദിവസം പിന്നിട്ടു.
സമരത്തിന് അഭിവാദ്യവുമായി മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ ഡോ: ആനന്ദ് ഗോകാനി സമരപ്പന്തലിലെത്തി.
ജനങ്ങളുടെ അഭിപ്രായം മാനിക്കാതെ പദ്ധതികൾ നടപ്പിലാക്കുന്നതിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.വാർധയിൽ ലോയ്ഡ്‌സ് സ്റ്റീൽ കമ്പനിയെയടക്കം നിരവധി ജനവിരുദ്ധ പദ്ധതികളെ ജനങ്ങൾ സമരം ചെയ്ത് പരാജയപ്പെടുത്തിയിട്ടുണ്ട് കണ്ടങ്കാളി സമരത്തിന് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
വിഭവങ്ങൾ തട്ടിയെടുക്കാൻ ആസൂത്രിത ശ്രമം:ഡോ: എം.പി.മത്തായി
പയ്യന്നൂരിലേത് ഒറ്റപ്പെട്ട സമരമല്ലെന്നും പ്രകൃതി വിഭവങ്ങൾ തട്ടിയെടുക്കുന്നതിനെതിരെ രാജ്യത്തുടനീളം നടക്കുന്ന ജനകീയസമരങ്ങളുടെ ഭാഗമാണെന്നും, രാഷ്ട്രീയ അധികാരത്തെ സ്വാധീനിച്ച് സാധാരണ മനുഷ്യരുടെ വിഭവങ്ങൾ തട്ടിയെടുക്കാൻ നടക്കുന്ന ആസൂത്രതശ്രമങ്ങളെ ചെറുത്തു തോല്പിക്കണമെന്നും കണ്ടങ്കാളിസമരത്തെ അഭിവാദ്യം ചെയ്തു കൊണ്ട് പ്രമുഖ ഗാന്ധിയൻ ഡോ: എം.പി.മത്തായി പറഞ്ഞു.
സമരസമിതി ചെയർമാൻ ടി.പി.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.