കണ്ണൂർ: മംഗലാപുരത്ത് കർണാടക പൊലീസ് കസ്റ്റഡിയിൽനിന്ന് മോചിതരായ ഏഷ്യാനെറ്റ് കാമറാമാൻ പ്രതീഷ് കപ്പോത്ത്, ന്യൂസ് 18കാമറാമാൻ സുമേഷ് മൊറാഴ എന്നിവർക്ക് കണ്ണൂർ പ്രസ്സ്‌ക്ലബിൽ സ്വീകരണം നൽകി. കുറ്റവാളികളോടെന്ന പോലെയാണ് പൊലീസ് പെരുമാറിയതെന്ന് ഇരുവരും പറഞ്ഞു. മംഗലാപുരത്തുവെച്ച് പിടികൂടിയ തങ്ങളെ കേരള അതിർത്തിയിൽ കൊണ്ടുവന്നു വിടുകയാണ് ഉണ്ടായത്. ഒരുതരത്തിലുള്ള നാടുകടത്തലാണ് ഉണ്ടായത്. മലയാള മാദ്ധ്യമങ്ങൾ മംഗലാപുരത്ത് വരേണ്ടെന്ന സന്ദേശമാണ് കർണാടക പൊലീസ് നൽകിയതെന്നും ഇരുവരും തുടർന്നു.
സ്വീകരണ യോഗത്തിൽ പ്രസിഡന്റ് എ.കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം യു.പി സന്തോഷ്, പി.സുരേശൻ, സി.പി സുരേന്ദ്രൻ, സഹൽ സി മുഹമ്മദ്, കബീർ കണ്ണാടിപ്പറമ്പ്, വിഷ്ണുദത്ത്.പി.വൈ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ട്രഷറർ സിജി ഉലഹന്നാൻ നന്ദിയും പറഞ്ഞു.